അടൂര്‍: പറക്കോട് അനന്തരാമപുരം ചന്തയില്‍ ഈറ്റ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആവശ്യക്കാരില്ലാതായതോടെ പരമ്പരാഗത ഈറ്റ നെയ്ത്ത് തൊഴിലാളികള്‍ പട്ടിണിയിലായി. നേരത്തേ പറക്കോട് അനന്തരാമപുരം ചന്തയില്‍ എത്തിക്കുന്ന ഈറ്റ ഉൽപന്നങ്ങള്‍ ഒന്നൊഴിയാതെ വിറ്റുപോയിരുന്നു. ഇപ്പോള്‍ ഇവ വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. പറക്കോട് ടി.ബി ജങ്ഷനില്‍ എട്ട് കുടുംബങ്ങള്‍ ഈറ്റ നെയ്താണ് ഉപജീവനം കഴിക്കുന്നത്. പനമ്പ്, മുറം, വട്ടി എന്നിവയാണ് ഇവിടെ നെയ്യുന്നത്
ലോക്ഡൗണ്‍ സമയത്ത് ഈറ്റയുടെ ലഭ്യത കുറഞ്ഞിരുന്നു. തട്ട തോലുഴത്ത് ബാംബു കോര്‍പറേഷന്‍ ഡിപ്പോയില്‍നിന്നാണ് തൊഴിലാളികള്‍ ഈറ്റ വാങ്ങുന്നത്. വ്യാഴാഴ്ചതോറുമാണ് ഈറ്റവിതരണം. ഈറ്റയുടെ വിലക്ക് പുറമെ ഇത് വീട്ടിലെത്തിക്കാന്‍ 1000 രൂപ വാഹനകൂലി നല്‍കണം. നെയ്യുന്ന ഉൽപന്നങ്ങള്‍ പറക്കോട് ചന്തയിലാണ് വില്‍ക്കുന്നത്. ജീവിക്കാനുള്ള വരുമാനം ലഭിക്കാതായതോടെ ഈ മേഖലയിലുള്ളവര്‍ ഏറെ ദുരിതത്തിലാണ്.
സ്ത്രീകളാണ് ഈ മേഖലയില്‍ കൂടുതലായി ജോലിചെയ്യുന്നത്. കാര്‍ഡുള്ള ഒരു തൊഴിലാളിക്ക് മൂന്നുകെട്ട് ഈറ്റയാണ് ലഭിക്കുന്നത്. വിവാഹ സദ്യവട്ടങ്ങള്‍ക്ക് ഈറ്റ ഉൽപന്നങ്ങള്‍ ആവിശ്യമുണ്ടായിരുന്നു. ചോറ് ഊറ്റുന്നതിന് കുട്ടയും അവ നിരത്തിയിടാന്‍ പനമ്പും പകര്‍ന്നുനല്‍കാന്‍ വട്ടിയുമാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ ഇവക്ക് ആവശ്യക്കാരേറെയായിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ മൂലം വിവാഹങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തിയതോടെ വില്‍പന തീരെയില്ലാതായി.