അടൂർ: എം.സി റോഡിലെ പ്രധാന നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാനാണ് ഇരട്ട പാലത്തിൻെറ നിർമാണം ആരംഭിച്ചത്. മാസങ്ങളായി മുടങ്ങിയ പണി തുടങ്ങിയത് അടുത്തിടെയാണ്.കിഫ്ബി അനുവദിച്ച 11 കോടി രൂപ മുടക്കി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം വലിയതോടിന‌് കുറുകെയാണ് പാലത്തിൻെറ നിർമാണം ആരംഭിച്ചത്.
നിലവിലെ പാലത്തിൻെറ ഇരുവശങ്ങളിലുമായിട്ടാണ് പാലം നിർമിക്കുന്നത‌്. ഏഴര മീറ്റർ വീതിയിലും 19 മീറ്റർ നീളത്തിലുമുള്ള പാലമാണ് നിർമിക്കാൻ പദ്ധതിയിട്ടത്. നഗരത്തിൻെറ മുഖഛായ തന്നെ മാറ്റി മറിക്കുന്ന രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. പക്ഷെ വർഷം ഒന്നര കഴിഞ്ഞിട്ടും അധികൃതർ പറഞ്ഞ പാലത്തിൻെറ പുതിയ മുഖഛായ മാത്രം വന്നില്ല.
പാലത്തിനൊപ്പം തന്നെ യാത്രക്കാർക്കുള്ള കാത്തിരിപ്പ‌് കേന്ദ്രവും സെൻട്രൽ ജങ്ഷനിലെ വെള്ളക്കെട്ട‌് പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിൻെറ ഭാഗമായി സെൻട്രൽ മൈതാനത്തിന‌് പടിഞ്ഞാറ‌് ഭാഗത്ത‌് കലുങ്കും ഓടയും നിർമിക്കാനും പദ്ധതിയുണ്ടായിരുന്നു. ഓടകൾ പണി പൂർത്തിയാകാതെ കിടക്കുകയാണ്. 2018 നവംബറിൽ പാലം പണിക്ക് കരാറായി പണികൾ ആരംഭിച്ചെങ്കിലും 2019 നവംബറിൽ കിഫ്ബി പാലം പണി നിർത്തിവെക്കാൻ നിർദേശം നൽകി. പണിയിലെ മെല്ലപ്പോക്ക് നയമായിരുന്നു കിഫ്ബിയെ ഇത്തരം നിലപാടിലേക്ക് എത്തിച്ചത്. പണി ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പൈലിങ് നടപടികൾ പോലും അന്ന് നടന്നിരുന്നില്ല.
പണിയിൽ താമസം വരുന്നതിൻെറ കാരണമായി പൊതുമരാമത്ത് അധികൃതർ പറഞ്ഞിരുന്നത് മഴയെന്നാണ്. മാസങ്ങൾക്കു ശേഷം ചിറ്റയം ഗോപകുമാർ ഇടപ്പെട്ട് കിഫ്ബി അധികൃതരുമായി ചർച്ച ചെയ്ത ശേഷമാണ് പണികൾ ആരംഭിച്ചത്. പാലം പണി നീളുന്നതിനാൽ സമീപത്തുള്ള ഓട്ടോസ്റ്റാൻഡിൽ ഓട്ടോറിക്ഷകൾ ഇടാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. നിലവിൽ ഓട്ടോറിക്ഷകൾ പഴയ സ്റ്റാൻഡിലാണ് പാർക്ക് ചെയ്യുന്നത്. പണി എന്നു തീരുമെന്ന് പൊതുമരാമത്ത് അധികൃതർക്ക് പോലും പറയാൻ പറ്റാത്ത അവസ്ഥയിലാണ്.
2019 നവംബറിൽ തീരേണ്ട പാലം പണിയായിരുന്നു. പിന്നീട് കാലാവധി മേയ് വരെ നീട്ടിനൽകി. ഇപ്പോൾ ജൂൺ മാസം കഴിഞ്ഞിട്ടും പാലത്തിൻെറ പകുതി പണി പോലും നടന്നിട്ടില്ല. പണിയിൽ കാലതാമസം വരുത്തുന്ന കരാറുകാരൻെറ പേരിൽ നടപടിയെടുക്കാനുള്ള ശിപാർശ സർക്കാറിന് ചെയ്യാനുള്ള തയാറെടുപ്പിലാണ് അധികൃതർ.