അടൂർ: ജില്ലയിൽ കോവിഡ് കെയർ സെന്ററുകളായി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമകൾക്ക് വാടക ലഭിക്കുന്നില്ലെന്ന് പരാതി. ജില്ലയിൽ നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഒന്നോ രണ്ടോ സെന്ററുകളാണ് പ്രവർത്തിക്കുന്നത്.
കോവിഡ് അടിയന്തരഘട്ട പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രവാസികളെ പാർപ്പിക്കുന്നതിന് കോവിഡ് കെയർ സെന്‍ററുകൾക്കായി കെട്ടിടവും ലോഡ്ജ് മുറികളും നൽകിയവർക്കാണ് ഇതുവരെ വാടക ലഭിക്കാത്തത്. ജില്ല ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് സെന്‍ററുകൾക്കായി ഇവ ഏറ്റെടുത്തത്. ദിവസവാടകക്ക് നൽകിയിരുന്ന ലോഡ്ജുകൾ ഉൾപ്പെടെയുള്ളവയുടെ മിക്ക മുറികളും ഇതിനായി വിട്ടുകൊടുത്തിരുന്നു. മേയ് മാസം മുതലാണ് മുറികൾ ഏറ്റെടുത്തത്. ഇപ്പോൾ വരുമാനം നിലച്ചതോടെ സർക്കാർ നൽകാമെന്ന് പറയുന്ന പണത്തിനായി കാത്തിരിക്കുകയാണിവർ.
ഏറ്റെടുത്ത കെട്ടിടങ്ങളിലെ പല മുറികളും ഒഴിഞ്ഞുകിടക്കുകയാണ്. അവ ദിവസ-മാസവാടകക്ക് നൽകാൻ കെട്ടിട ഉടമകൾക്ക് വിട്ടുനൽകണമെന്നാണ് മറ്റൊരാവശ്യം. ഓരോ മേഖലയിലും ഏറ്റെടുത്ത കോവിഡ് കെയർ സെന്‍ററുകൾക്ക് നൽകേണ്ട വാടക സംബന്ധിച്ചുള്ള കണക്കുകൾ തയാറാക്കി അതത് പ്രദേശത്തെ ആർ.ഡി.ഒമാർ ജില്ല ദുരന്തനിവാരണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. സർക്കാർ ഫണ്ട് ലഭിച്ചാലുടൻ ഇവർക്ക് തുക നൽകുമെന്ന് ജില്ല ദുരന്തനിവാരണ വിഭാഗം അധികൃതർ വ്യക്തമാക്കി.