അടൂർ : എം സി റോഡ് വീണ്ടും മരണകെണിയായപ്പോൾ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി പത്തു മണിയോടെ അടൂർ കാരയ്ക്കാട് ഹൈസ്കൂൾ ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. അടൂർ കടമ്പനാട് വലിയേടത്ത് ഷിനു ഭവനിൽ ഷിനു ഡാനിയേൽ (28) ആണ് അപകടത്തിൽ മരിച്ചത്.
ശനിയാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങവേ ഷിനു ഓടിച്ചിരുന്ന പൾസർ 220 എം സി റോഡിൽ പണി നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന സൂചനാ ബോർഡുകളിൽ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്കിൽ നിന്നു തെറിച്ചു വീണ ഷിനു അതേസമയം ആ വഴി പോകുകയായിരുന്ന സ്കൂട്ടിയിൽ തട്ടി ഓടയിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഷിനു ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും അപകടത്തിൽ ഹെൽമറ്റ് തെറിച്ചു പോയിരുന്നു.
റോഡ് പണി നടക്കുന്ന ഈ സ്ഥലത്ത് വഴി വിളക്കുകൾ കത്തുന്നില്ല. അതോടൊപ്പം സൂചന ബോർഡ് വാഹന യാത്രികർക്ക് സഞ്ചരിക്കുമ്പോൾ കാണാവുന്ന രീതിയിലല്ല വെച്ചിരിക്കുന്നത്. അടുത്ത് എത്തുമ്പോൾ മാത്രമാണ് സൂചന ബോർഡ് കാണാൻ സാധിക്കുന്നത് അപകട സമയത്ത് വേഗതയിലെത്തിയ ഷിനുവിന് സൂചന ബോർഡിൽ തട്ടാതെ ബൈക്ക് വെട്ടിച്ചു മാറ്റാൻ കഴിയാത്തതാണ് അപകട കാരണമെന്ന് ദൃക്സാക്ഷിയായ സ്കൂട്ടിയിലെ യാത്രക്കാരി പറഞ്ഞു.
റോഡ് പണി നടക്കുന്ന ഈ ഭാഗം അപകടകെണിയാണെന്ന് പ്രദേശവാസികൾ പലപ്പോഴും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും അധികാരികൾ ഇക്കാര്യം മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഷിനു ഡാനിയേലിൻ്റെ മൃതദേഹം പന്തളം സിഎം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.