അടൂര്‍: ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനമില്ല. ഖരമാലിന്യ സംസ്കരണ പ്ലാൻറില്ല. പ്ലാസ്റ്റിക് പൊടിക്കുന്ന യൂനിറ്റും പ്രവര്‍ത്തിക്കുന്നില്ല. മാലിന്യം നഗരപാതകളില്‍ കത്തിക്കുന്നു. സമീപ നഗരസഭയും ഗ്രാമപഞ്ചായത്തുകളും ഖരമാലിന്യ സംസ്കരണത്തില്‍ മികവു തെളിയിച്ചതിന് ശുചിത്വ പദവി സാക്ഷ്യപത്രം നേടിയപ്പോഴാണ് അടൂര്‍ നഗരം ഈവിധം കിടക്കുന്നത്.
ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സാധിക്കാത്തതാണ് ശുചിത്വ പദവി ലഭിക്കാത്തതിൻെറ പ്രധാന കാരണം. അടൂരിലാണ് ഹരിതകര്‍മ സേന ജില്ലയില്‍ ആദ്യമായി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. 28 വാര്‍ഡുകളിലും 56 കുടുംബശ്രീ അംഗങ്ങളെ പരിശീലിപ്പിച്ച് തുടങ്ങിയെങ്കിലും പ്ലാസ്റ്റിക് മാലിന്യം നല്കുന്ന വീട്ടുകാര്‍ ഫീസ് നല്‍കാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലക്കുകയായിരുന്നു. വീടുകളില്‍ പോയി പ്ലാസറ്റിക് മാലിന്യം വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തതിനാല്‍ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു മാത്രമായി പ്രവര്‍ത്തനം. നിലവില്‍ ഒരു വാര്‍ഡിലും ഇതിൻെറ പ്രവര്‍ത്തനം നടക്കുന്നില്ല.
വേര്‍തിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പൊടിക്കുന്നതിനുള്ള യന്ത്രം (ഷ്രഡിങ് യൂനിറ്റ്) നഗരസഭ മുന്‍ അധ്യക്ഷ ഷൈനി ജോസിൻെറ ഭരണകാലത്ത് സെന്‍ട്രല്‍ ചന്തയില്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഏറെ താമസിയാതെ നിലച്ചു. ശേഖരിച്ചു ചാക്കുകളില്‍ കെട്ടി പ്ലാസ്റ്റിക് മാലിന്യം അടുക്കിവെച്ചിരിക്കുകയാണ് ഇവിടെ. നഗരമാലിന്യം നീക്കുന്നതിലും അധികൃതര്‍ വേണ്ടത്ര ശ്രദ്ധപുലര്‍ത്തുന്നില്ല. പറക്കോട് അനന്തരാമപുരം, അടൂര്‍ ശ്രീമൂലം, സെന്‍ട്രല്‍ ചന്തകളില്‍ കുന്നുകൂടുന്ന മാലിന്യം യഥാസമയം നീക്കം ചെയ്യാറില്ല. നഗരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കോഴിക്കടകളിലും അറവുശാലകളിലും നിന്ന് അറവുമാലിന്യം നഗരപാതയോരങ്ങളില്‍ തന്നെയാണ് തള്ളുന്നത്. മാലിന്യം സംസ്കാരിക്കുന്നതിന് സൗകര്യമുള്ള കടകള്‍ക്കേ ലൈസന്‍സ് നല്‍കാവൂ എന്ന ചട്ടം അധികൃതര്‍ തന്നെ ലംഘിക്കുകയാണ്.
ആധുനിക അറവുശാല ഇല്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാംസവ്യാപാരം പാടില്ല എന്നാണ് ചട്ടമെങ്കിലും പ്രാകൃതരീതിയില്‍ കശാപ്പുചെയ്ത് വില്‍ക്കുന്ന മാംസവില്പന കേന്ദ്രങ്ങള്‍ അടൂരില്‍ നിരവധിയാണുള്ളത്. നഗരപാതകളിലും നടപ്പാതകളിലും പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം കത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും നഗര ഭരണാധികാരികള്‍ക്ക് കഴിയുന്നില്ല. നഗരത്തില്‍നിന്ന് ശേഖരിക്കുന്ന മാലിന്യം സംസ്കരിച്ച് ജൈവവളം ഉണ്ടാക്കുന്ന യൂണിറ്റ് കൈമല പ്രതാപപുരത്ത് പത്തുവര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചിരുന്നു. പ്രവര്‍ത്തനം നിലച്ച ഇവിടെയാണ് നഗരമാലിന്യം കൊണ്ടിട്ട് നഗരസഭ ജീവനക്കാര്‍ കത്തിക്കുന്നത്. ഇതേസമയം, ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് നടപടി ആരംഭിച്ചതായി നഗരസഭ അധികൃതര്‍ പറഞ്ഞു.