പത്തനംതിട്ട : ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ ഒത്തു ചേരലുകളും യോഗങ്ങളും വിലക്കി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഇത് ലംഘിച്ച് യോഗങ്ങൾ സംഘടിപ്പിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ.
ഒക്ടോബറിൽ നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ വിശദീകരണം നടത്തുന്നതിനും ഉപസമിതികൾ രൂപീകരിക്കുന്നതിനുമാണ് ഇപ്പോള്‍ യോഗങ്ങൾ കൂടുന്നത്. ഇതുകൂടാതെ വോട്ടർമാരെ നേരിൽ കാണുന്നതിന് വീട് തോറും കയറി മാസ്ക് വിതരണവും ലഘുലേഖകളുടെ വിതരണവും വോട്ടർ പട്ടികയിലെ പേരുകളുടെ പരിശോധനയും നടക്കുന്നുണ്ട്
വിലക്ക് ലംഘിച്ച് ഇത്തരം കാര്യങ്ങൾക്ക് മുൻപന്തിയിൽ നില്‍ക്കുന്നത് ഭരണകക്ഷിയായ സി.പി.ഐ (എം) ആണെന്നാണ് ആക്ഷേപം. 60 വയസ്സ് കഴിഞ്ഞവർ പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും ഇത് ലംഘിച്ച് നടത്തുന്ന ബൂത്ത്- വാർഡ് തല യോഗങ്ങളിൽ പരമാവധി എല്ലാ പ്രായത്തിലുള്ളവരെയും എത്തിക്കാനാണ് നേതാക്കൾ ശ്രമിക്കുന്നത്. സി.പി.എമ്മിനെ അപേക്ഷിച്ച് കോൺഗ്രസിന്റെ യോഗങ്ങൾ നടക്കുന്നത് കുറവാണെങ്കിലും ജില്ല, നിയോജകമണ്ഡലം അടിസ്ഥാനത്തിലാണ് ഇവരുടെ യോഗം കൂടുതലും നടക്കുന്നത്. ബി.ജെ.പി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടില്ല, എങ്കിലും അവരും ഉടൻ സജീവമാകുമെന്നാണ് സൂചന. സി.പി.ഐയും പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല.
പത്തനംതിട്ട സി.പി.ഐ.(എം) ജില്ല കമ്മിറ്റി ഓഫിസിലെ പ്രമുഖ നേതാക്കൾ കോവിഡ് രോഗിയുമായി നേരിട്ടും അല്ലാതെയും ബന്ധം പുലർത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. ഏരിയ കമ്മിറ്റി അംഗത്തിനുപുറമെ ജില്ല കമ്മിറ്റി അംഗമായ വനിതക്കും രോഗം സ്ഥിരീകരിച്ചതോടെ പാർട്ടി ജില്ല നേതൃത്വം മുഴുവൻ നിരീക്ഷണത്തിൽ പോകണമെന്ന ആവശ്യം പാർട്ടി പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ഉന്നയിച്ചിരുന്നുവെങ്കിലും ഇതൊന്നും
ചെവിക്കൊള്ളാൻ നേതാക്കൾ തയ്യാറായിട്ടില്ല.
പത്തനംതിട്ട ജില്ലയിൽ രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്നതിനാൽ എല്ലാവരുടെയും റൂട്ട്മാപ്പ് പ്രസിദ്ധീകരണം പ്രാവർത്തികമാക്കാൻ സാധിക്കില്ല എന്നാണ് ജില്ല ഭരണകൂടം പറയുന്നത്. രോഗവ്യാപന സാധ്യത നിലനിൽക്കുന്ന ഈ സമയത്ത് ഇതിനെതിരെ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാരും ജില്ലാ ഭരണകൂടവും കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.