കോഴഞ്ചേരി : തിരുവോണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കിഴക്ക് ഇടക്കുളം മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 പള്ളിയോട കരകളിലും ഓണത്തിന്റെ ആവേശമില്ല.
പള്ളിയോട കരകളിലെ ഓണം ആറന്മുളയിലെ പ്രശസ്തമായ വള്ളംകളി നടക്കുന്ന ഉതൃട്ടാതി നാളിലാണ്. അതിനു മുമ്പേ വള്ളസദ്യകൾ ആരംഭിക്കുമെന്നതിനാൽ കരകൾ സജീവമായിരിക്കും. തിരുവോണത്തോണിയാത്രയ്ക്കു വേണ്ടിയും പള്ളിയോടങ്ങൾ ഒരുങ്ങണം. കോവിഡ് മഹാമാരി തുടരുന്നതിനാല്‍ കരകളിൽ ഒരു കൂടിവരവുകളും ഇല്ല. തിരുവോണത്തോണി വരവേല്പും അഷ്ടമി രോഹിണി സമൂഹ സദ്യയും ഉതൃട്ടാതി ജലമേളയും ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം ഇക്കൊല്ലം ഒതുങ്ങുകയാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പള്ളിയോട കരക്കാര് ഓണത്തെ വരവേല്‍ക്കുന്നത്. ആറന്മുള – കോഴഞ്ചേരി തുടങ്ങിയ പ്രധാന പള്ളിയോട കരകളെല്ലാം തന്നെ ജില്ലാ ഭരണ കൂടത്തിന്റെ പ്രത്യേക താത്പര്യ പ്രകാരം ജനമൈത്രി പോലീസ് ഉച്ച ഭാഷിണിയിലൂടെ കോവിഡിന്റെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.