പത്തനംതിട്ട: കാർഷികവിളകൾക്ക് സർക്കാർ പ്രഖ്യാപിച്ച താങ്ങുവില പ്രഖ്യാപനം പ്രഹസനമായി. ഏത്തക്കുല ഉൾപ്പെടെ കാർഷിക വിളകളുടെ വില ഇടിഞ്ഞു.
കിലോഗ്രാമിന് 25 രൂപ പോലും ഏത്തക്കുലയ്ക്ക് കർഷകർക്ക് ലഭിക്കുന്നില്ല. 30 രൂപയാണ് ഏത്തക്കുലയുടെ താങ്ങുവില. കാർഷിക വിപണിയിൽ ഏത്തക്കുല വാങ്ങാൻപോലും ആളില്ലാത്ത സ്ഥിതിയാണ്. ഇതോടെ 20 രൂപയിൽ താഴെയുള്ള നിരക്കിലും കർഷകർക്ക് ഏത്തക്കുല വിൽക്കേണ്ട അവസ്ഥയാണ്.
16 കാർഷികവിളകൾക്കാണ് സർക്കാർ താങ്ങുവില പ്രഖ്യാപിച്ചത്. എന്നാൽ ഈ വിളകൾ വാങ്ങാൻ കൃഷിവകുപ്പ് സംവിധാനം എല്ലാ ജില്ലകളിലുമില്ല.
ഹോർട്ടികോർപ്പിന് സംബന്ധിച്ച് സാധനങ്ങൾ സംഭരിക്കാൻ ആകുന്നില്ല. ഏത്തക്കുല വില ഇടിയാൻ പ്രധാന കാരണം പുറമേ നിന്നുള്ള വരവാണെന്ന് കർഷകർ പറയുന്നു. നാലു കിലോയ്ക്ക് 100 രൂപ നിരക്കിലാണ് വഴിയോര വിപണിയിൽ ഏത്തക്കായ വില്പന. ഇതാണ് നാടൻ കർഷകരുടെ ഉത്പന്നങ്ങളുടെ വില ഇടിയാൻ പ്രധാന കാരണമായി പറയുന്നത്. കാർഷികവിളകളായ ചേന്പ്, കാച്ചിൽ, ചേന എന്നിവയ്ക്കും മെച്ചപ്പെട്ട വില ഉറപ്പാക്കാൻ ആയിട്ടില്ല.