പത്തനംതിട്ട : കോന്നി മെഡിക്കൽ കോളേജിലേക്ക് വെള്ളമെത്തിക്കാൻ കോടികൾ മുടക്കി സ്ഥാപിച്ച പൈപ്പ് ലൈനുകൾ നിലവാരമില്ലാത്തതാണെന്നും മറ്റൊരു അഴിമതി കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണെന്നും ബിജെപി ജില്ലാ ജനറൽ സെക്രടറി വി എ സൂരജ് പറഞ്ഞു. ഇരുമുന്നണികൾക്കും ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്നും ഈ അഴിമതിയിൽ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജിലേക്ക് വെള്ളം എത്തിക്കുന്നതിന് വേണ്ടി ഐരവൺ കടവിൽ നിന്നും നെടുമ്പാറയിലേക്ക് നാലു കിലോമീറ്ററിലധികം ദൂരത്തിൽ കോടിക്കണക്കിനു രൂപ മുടക്കി സ്ഥാപിച്ച പൈപ്പ് ലൈനിൽ വെള്ളം പമ്പ് ചെയ്ത ആദ്യദിവസം തന്നെ പലഭാഗത്തും പൊട്ടിത്തെറിച്ച് വൻ ചോർച്ച ഉണ്ടായിരിക്കയാണ്. വട്ടമൺ സ്വദേശിയായ മണിയുടെ വീടിന് പൈപ്പ് പൊട്ടിത്തെറിച്ച് നാശമുണ്ടാകുകയും വീട്ടിൽ ഇരുന്ന കപ്യൂട്ടർ, റ്റി വി ഉൾപ്പെടെയുള്ള ഉപകരണങ്ങള്‍ വെള്ളം കയറി നശിച്ചു പോവുകയും ചെയ്തു. ഇവർക്ക് ആവശ്യമായ നഷ്ട പരിഹാരം നൽകണം. മെഡിക്കൽ കോളേജ് നിയമനങ്ങൾ കൂടാതെ നിർമ്മാണത്തിലും വലിയ അഴിമതി നടന്നിട്ടുണ്ടെന്നും വി എ സൂരജ് പറഞ്ഞു .ഇതിൽ ഭരണ നേതൃത്വത്തിനും ഉദ്യോഗസ്ഥർക്കും പങ്കുണ്ട് . മെഡിക്കൽ കോളേജിലെ അഴിമതികൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും വിഎ സൂരജ്ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, ജില്ലാ കമ്മിറ്റി അംഗം കെ.ആർ രാകേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് ചിറ്റൂർ കണ്ണൻ, സെക്രട്ടറി പ്രസന്നൻ അമ്പലപ്പാട്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണുദാസ്, വൈസ് പ്രസിഡന്റ് ബി രഞ്ജിത്ത്, നിതിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.