മല്ലപ്പള്ളി: താലൂക്കിൻെറ കിഴക്കൻ പ്രദേശങ്ങളിലെ യാത്രക്ലേശത്തിന് പരിഹാരമായില്ല. ചുങ്കപ്പാറയിൽനിന്ന് പൊന്തൻപുഴ, മണിമല, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, എരുമേലി, റാന്നി, ചാലാപ്പള്ളി, എഴുമറ്റൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ളവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
മാർച്ച് അവസാനത്തിൽ ഈ റൂട്ടുകളിൽ സർവ്വീസ് നിർത്തിയ സ്വകാര്യബസുകൾ പിന്നീട് സർവ്വീസ് ആരംഭിച്ചിട്ടില്ല. കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിർത്തിപ്രദേശമായതിനാൽ ഇരു ജില്ലയിലെയും തൊഴിലാളികളും ഉദ്യോഗസ്ഥരും അടക്കം നിരവധി പേരാണ് ബസ് സർവ്വീസ് ഇല്ലാത്തതുകാരണം കഷ്ടപ്പെടുന്നത്.
മല്ലപ്പള്ളി ഡിപ്പോയിൽനിന്ന് കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ, എല്ലാ സർവ്വീസും ചുങ്കപ്പാറയിൽ അവസാനിപ്പിക്കുകയാണ്. ഈ ബസുകൾ വരുന്നതിനും തിരികെ പോകുന്നതിനും കൃത്യമായ സമയം ഇല്ലാത്തതിനാൽ ആർക്കും പ്രയോജനം ലഭിക്കുന്നില്ല.
ബസുകൾ സർവ്വീസ് നടത്തുന്നതിന് സമയകൃത്യത വേണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല. യാത്രക്കാരുടെ കുറവാണ് സ്വകാര്യബസുകൾ സർവ്വീസ് തുടങ്ങാൻ മടിക്കുന്നതിന് കാരണമായി പറയുന്നത്.