പത്തനംതിട്ട : കാഷ് ഡെപ്പോസിറ്റ് മെഷീനിൽ നിന്ന് കള്ളനോട്ട് ലഭിച്ച സംഭവത്തിൽ അന്വേഷണം പത്തനംതിട്ടയിലെ ആംബുലൻസ് ഡ്രൈവർമാരിലേക്ക്. കഴിഞ്ഞ മാസം നാലിന് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ സി.ഡി.എമ്മിൽ നിന്നാണ് കള്ളനോട്ടുകൾ അയച്ചത്. പണം നിക്ഷേപിച്ച അഴൂർ വേളൂരത്ത് ശബരിനാഥിനെ (31) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശികളായ അഖിൽ, നിതിൻ, കൊല്ലം സ്വദേശി അഖിൽ എന്നിവരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ആംബുലൻസ് ഡ്രൈവർമാരാണ് ഇവർ.
കഴിഞ്ഞ മാസം നാലിനാണ് നിതിന്റെ അക്കൗണ്ടിലേക്ക് 5000 രൂപ ശബരിനാഥ് നിക്ഷേപിച്ചത്. ഇതിൽ അഞ്ഞൂറിന്റെ അഞ്ച് കള്ള നോട്ടുകൾ കണ്ടെത്തിയിരുന്നു. ബാങ്ക് മാനേജരുടെ പരാതിയിൽ നിതിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പണം ഇട്ടത് ശബരിനാഥ് ആണെന്ന് അറിയുന്നത്. ശബരിനാഥിന് പത്തനംതിട്ട സ്വദേശി അഖിലും ഇയാൾക്ക് കൊല്ലം സ്വദേശി അഖിലുമാണ് പണം നൽകിയത്. ഇവർക്ക് പിന്നിൽ മറ്റ് സംഘങ്ങൾ ഉണ്ടോയെന്ന് പോലീസ് വരികയാണ്.