പത്തനംതിട്ട: യു.ഡി.എഫിന്റെ ഒറിജിനൽ സ്ഥാനാർത്ഥി ഏത് അപരനേത് എന്നറിയാത്ത അവസ്ഥയിലാണ് ചിറ്റാറിലെ വോട്ടർമാർ. ചിറ്റാർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലാണ് ഈ കൺഫ്യൂഷൻ. ഈ പഞ്ചായത്തിൽ ഒരിടത്തുപോലും ഘടകകക്ഷികൾക്ക് കോൺഗ്രസ് സീറ്റ് കൊടുത്തിട്ടില്ല.
ഇതോടെ ഘടകകക്ഷികൾ അവരുടെ സ്വന്തം ചിഹ്നത്തിലും മത്സരിക്കുകയാണ്. യു.ഡി.എഫ് സ്ഥാനാർഥി എന്ന പേരിലാണ് പോസ്റ്റർ അടിച്ച് ഒറിജിനലും ഡ്യൂപ്ലിക്കേറ്റും വോട്ട് തേടുന്നത്. വനിതാ സംവരണ വാർഡായ മണക്കയത്ത് കോൺഗ്രസിന്റെയും ജോസഫ് ഗ്രൂപ്പിന്റെയും സ്ഥാനാർഥികളുണ്ട്. നാലാം വാർഡായ ചിറ്റാറിൽ കോൺഗ്രസിലെ എ. ബഷീറും മുസ്ലിം ലീഗിലെ ഇബ്രാഹീം എഴിവീട്ടിലും മത്സരിക്കുന്നു.
അഞ്ചാം വാർഡില്‍ കോൺഗ്രസിന്റെയും ആർ.എസ്.പിയുടെയും സ്ഥാനാർഥികളുണ്ട്. പത്തനംതിട്ട നഗരസഭയിൽ 32ാം വാർഡിലും യു.ഡി.എഫിന് രണ്ടുപേരുണ്ട്. കോൺഗ്രസിന്റെയും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെയും സ്ഥാനാർഥികളാണ് ഇവര്‍.
കേരള കോൺഗ്രസ് -മാണിയിൽ നിന്ന് അടുത്തിടെ കോൺഗ്രസിൽ ചേർന്ന ആനി സജിക്കാണ് ഇവിടെ കോൺഗ്രസ് കൈ ചിഹ്നത്തിൽ മത്സരിക്കാൻ സീറ്റ് നൽകിയത്. ഈ വാർഡിൽ കേരള കോൺഗ്രസ് ജോസഫിന്റെ പ്രഫ. സാലി ബാബു ചെണ്ട അടയാളത്തിൽ മത്സരിക്കുന്നുണ്ട്.