പത്തനംതിട്ട : ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി പത്തനംതിട്ട നഗരം. അനധികൃത പാർക്കിങ്ങാണ് കുരുക്ക് മുറുകുന്നതിനുള്ള പ്രധാന കാരണം. നഗരത്തിന്റെ മുക്കിലും മൂലയിലുമെല്ലാം തോന്നിയതുപോലെയാണ് പാർക്കിങ്. നടപ്പാതകൾ കയറിയുള്ള പാർക്കിങ് കൂടി ആയതോടെ കാൽനട യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. നടക്കണമെങ്കിൽ റോഡിലിറങ്ങി നടന്നോണം. പത്തനംതിട്ട നഗരത്തിലെത്തുന്ന കാൽനടയാത്രക്കാരുടെ അവസ്ഥയാണിത്.
ജനറൽ ആശുപത്രി, സെൻട്രൽ ജങ്ഷൻ, അബാൻ ജങ്ഷൻ എന്നിവിടങ്ങളില്ലാം നടക്കുമ്പോൾ ഇടയ്ക്കിടെ തിരിഞ്ഞുനോക്കിക്കോണം. വല്ല വണ്ടിയും നേരേ വരുന്നുണ്ടോയെന്ന്. നോക്കിയില്ലെങ്കിൽ അപകടമുറപ്പ്. എല്ലായിടത്തും ട്രാഫിക് പോലീസിന്റെ നോ പാർക്കിങ് ബോർഡുകളുണ്ടെങ്കിലും അതൊന്നും വകവെയ്ക്കാതെ റോഡിലേക്ക് ഇറക്കിയാണ് പാർക്കിങ്.
ജനറൽ ആശുപത്രിമുതൽ സെൻട്രൽ ജങ്ഷൻവരെയുള്ള ഭാഗത്തും സ്റ്റേഡിയം റോഡിലേക്ക് തിരിയുന്ന ഭാഗത്തുമാണ് അനധികൃത പാർക്കിങ് അധികവും. ആശുപത്രിമുതൽ സെൻട്രൽ ജങ്ഷൻവരെയുള്ള സ്ഥലം വളരെ തിരക്കേറിയ സ്ഥലമായതിനാൽ ഇൗ വഴി വൺവേ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചെങ്ങന്നൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാനവഴി കൂടിയാണിത്. ഇവിടെയാണ് റോഡിലേക്കിറക്കി വാഹനങ്ങൾ പാർക്കചെയ്യുന്നത്.
ജനറൽ ആശുപത്രിക്ക് മുൻപിലെ ആദ്യ കവാടംമുതൽ ഇൗ അനധികൃത പാർക്കിങ് കാണാം. ആശുപത്രിക്കുസമീപം ഓട്ടോസ്റ്റാൻഡിനും ആംബുലൻസ് പാർക്കിങ്ങിനും മാത്രമാണ് അനുമതിയുള്ളത്. ആശുപത്രിയിലെത്തുന്ന വാഹനങ്ങൾക്ക് അകത്ത് ചെറിയ നിരക്കിൽ ഫീസോടുകൂടിയുള്ള പാർക്കിങ് സൗകര്യമുണ്ട്. ഇത് ഉപയോഗപ്പെടുത്താതെയാണ് പുറത്തെ പാർക്കിങ്. സെൻട്രൽ ജങ്ഷനിലെയും അബാനിലെയും സമാനസ്ഥിതിയാണ്.
സെൻട്രൽ ജങ്ഷനിൽ സ്റ്റേഡിയം റോഡിലേക്ക് തിരിയുന്നഭാഗത്തും പോലീസ് സ്റ്റേഷൻ റോഡിലേക്ക് തിരിയുന്നഭാഗത്തും തൈക്കാവ് റോഡിലേക്ക് തിരിയുന്നഭാഗത്തുമെല്ലാം നോ പാർക്കിങ് ബോർഡിന് കീഴെ റോഡിലേക്കിറക്കിയാണ് പാർക്കിങ്. അനധികൃത പാർക്കിങ് നിയന്ത്രിക്കുവാൻ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.