പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഇന്ന് കർഷക തൊഴിലാളി ദിനമായി ആചരിച്ചു. പാര്‍ലമെന്റ് അംഗങ്ങളുടെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ പോലും പരിഗണിക്കാതെ കുത്തക മുതലാളിമാര്‍ക്ക് ഇന്ത്യയുടെ കാര്‍ഷിക മേഖലയില്‍ യഥേഷ്ടം കടന്ന് ചെല്ലുവാന്‍ അവസരം ഒരുക്കുന്ന 3 നിയമങ്ങള്‍ ആണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായര്‍ എക്‌സ്.എം.എല്‍.എ പറഞ്ഞു.
പുതിയ കാര്‍ഷിക നിയമം പ്രതിസന്ധികളും പ്രതിവിധികളും എന്ന വിഷയത്തെ അധികരിച്ച് പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങളെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയത് രാജ്യത്ത് വന്‍ വിലക്കയറ്റത്തിന് ഇടവരുത്തും. കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെയും ഈ നിയമങ്ങള്‍ പ്രതികൂലമായി ബാധിക്കും. കുത്തക താല്‍പര്യങ്ങള്‍ സരക്ഷിക്കുകയാണ് മോദി സര്‍ക്കാര്‍ 6 വര്‍ഷമായി പിന്‍തുടരുന്നത്. ഭരണഘടന പ്രകാരം കൃഷി കേന്ദ്ര-സംസ്ഥാന വിഷയമായിട്ടും സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ ആരായാന്‍ ശ്രമിക്കാതെ ശബ്ദ വോട്ടോടുകൂടി നിയമം പാസാക്കിയത് കുത്തകകളെ സഹായിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ചു. പൂര്‍ണ്ണമായും കര്‍ഷക വിരുദ്ധമായ പുതിയ നിയമങ്ങളുടെ നിജസ്ഥിതി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ ജില്ലയില്‍ ആയിരം കേന്ദ്രങ്ങളില്‍ കര്‍ഷക കോണ്‍ഗ്രസുമായി സഹകരിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് ഇന്‍ഡോര്‍ സെമിനാറുകള്‍ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
എ.ഐ.സി.സി മെമ്പര്‍ മാലേത്ത് സരളാദേവി എക്‌സ്. എം.എല്‍.എ, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാര്‍, ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്റ് എ.ഷംസുദ്ദീന്‍, ഡി.സി.സി സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, വി. ആര്‍ സോജി, കാട്ടൂര്‍ അബ്ദുള്‍ സലാം, സജി കൊട്ടയ്ക്കാട്, ജി. രഘുനാഥ്, കെ.വി സുരേഷ് കുമാര്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.കെ പുരുഷോത്തമന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ്, കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹികളായ വി.എം ചെറിയാന്‍, പി.കെ ഇക്ബാല്‍, അജിത്ത് മണ്ണില്‍, മലയാലപ്പുഴ വിശ്വംഭരന്‍, ഷാജി കുളനട എന്നിവര്‍ സംസാരിച്ചു.