പത്തനംതിട്ട: ഇൻഡിഗോ എയർലൈൻസ് യാത്രക്കാരനായ സുപ്രീംകോടതി അഭിഭാഷകന് 11,500 രൂപാ വിമാനകമ്പിനി നഷ്ടപരിഹാരം നൽകാന്‍ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചു.
സുപ്രീംകോടതി അഭിഭാഷകാനായ ഇടയാറൻമുള മുട്ടത്തു വീട്ടിൽ പി. വേണുഗോപാല്‍ നല്‍കിയ ഹർജി തീര്‍പ്പാക്കിയാണ് കമ്മീഷന്‍ വിധി പ്രഖ്യാപിച്ചത്. 2019 ഫെബ്രുവരിയില്‍ ന്യൂഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തില്‍ 4,500 രൂപക്ക് ടിക്കറ്റ് ബുക്കുചെയ്തതുമായി ബന്ധപ്പെട്ടാണ് ഹര്‍ജി. ഫെബ്രുവരി 21ന് ഇൻഡിഗോ എയർലൈൻസിന്റെ ആഫീസിൽ നിന്നും ബുക്ക് ചെയ്ത ടിക്കറ്റ്, വിമാനം കാൻസൽ ചെയ്തതിനാല്‍ ടിക്കറ്റ് ചാര്‍ജ് റീഫണ്ട് ചെയ്യുകയാണെന്നും മെസ്സേജ് കിട്ടി. എന്നാൽ പലപ്രാവശ്യം ഇദ്ദേഹം ആവശ്യപ്പെട്ടിട്ടും വിമാന കമ്പനി ടിക്കറ്റ് ചാർജ് ആയ 4,500/- രൂപാ റീഫണ്ട് ചെയ്തു നല്‍കിയില്ല.
ഇതേതുടര്‍ന്നാണ് അഡ്വ. വേണുഗോപാൽ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനില്‍ പരാതി നല്‍കിയത്. പരാതി ഫയലിൽ സ്വീകരിച്ച കമ്മീഷൻ എതിർകക്ഷിക്ക് നോട്ടീസ് അയച്ചു. അഭിഭാഷകൻ മുഖേന ഹാജരായ എതിർകക്ഷി അവരുടെ വാദങ്ങളും തെളിവുകളും ഹാജരാക്കുകയുണ്ടായി. ഇരു ഭാഗത്തേയും വിസ്തരിച്ച കമ്മീഷൻ ഹർജിഭാഗം ഉന്നയിച്ച വാദങ്ങളും തെളിവുകളും ശരിയാണെന്ന് കണ്ടെത്തുകയും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ റദ്ദു ചെയ്ത ടിക്കറ്റ് ചാര്‍ജ് ഉൾപ്പെടെ 11,500 രൂപ ഹർജികക്ഷിക്ക് കൊടുക്കാൻ ഉത്തവിടുകയായിരുന്നു. ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.