പത്തനംതിട്ട : കോവിഡ് പോസിറ്റീവ് ആകുന്നവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ആരോഗ്യ വകുപ്പ് ഉപേക്ഷിച്ചു. പകരമായി പഞ്ചായത്ത്, നഗരസഭ വാർഡ് അടിസ്ഥാനത്തിൽ കോവിഡ് മാപ്പ് തയാറാക്കാനാണ് നിർദേശം. പോസിറ്റീവ് ആകുന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനാണ് റൂട്ട് മാപ്പ് തയാറാക്കി വന്നത്. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ച് അതിൽ പറയുന്ന സമയത്ത് രോഗി എത്തിയ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാനായിരുന്നു നിർദേശം നൽകിവന്നത്.
എന്നാൽ ദിവസം കൂടുന്തോറും കോവിഡ് പോസിറ്റീവ് കേസുകൾ കൂടുകയും സമ്പർക്ക രോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും ഉറവിടമറിയാത്ത കേസുകൾ കൂടിവരുകയും ചെയ്തതോടെ ഓരോരുത്തരുടെയും റൂട്ട് മാപ്പ് തയ്യാറാക്കൽ പ്രയാസമേറിയതായിരിക്കുകയാണ്. ഇതു കൂടാതെ രോഗികൾ വർദ്ധിച്ചപ്പോൾ റൂട്ട് മാപ്പ് തയാറാക്കാനായി ആവശ്യമായ ജീവനക്കാരില്ലാത്തതും പ്രശ്നമായി തീർന്നിട്ടുണ്ട്.
ഇതിനു പകരമായി സമ്പർക്ക പകർച്ചയുടെ അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തിന്റെയും കോവിഡ് മാപ്പിങ് നടത്താനാണ് ലക്ഷ്യമിടുന്നത്. ഓരോ വിഭാഗത്തിനും ഓരോ നിറം നൽകും. വിദേശരാജ്യങ്ങൾ, ഇതര സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മടങ്ങി എത്തി പോസിറ്റീവ് ആയവർ (നീലനിറം), പ്രാദേശിക സമ്പർക്കം വഴി പോസിറ്റീവ് ആയവർ, ഉറവിടം അറിയാത്തവർ (രണ്ടിനും ചുമപ്പ് നിറം), ആരോഗ്യ പ്രവർത്തകർ (പച്ച നിറം) എന്നിങ്ങനെ തിരിച്ചാണ് ഓരോ സ്ഥലത്തിന്റെയും കോവിഡ് മാപ്പിങ്. പഞ്ചായത്ത്, നഗരസഭ വാർഡ് അടിസ്ഥാനത്തിലാണ് കോവിഡ് മാപ്പ് തയ്യാറാക്കുന്നത്.
ഇറ്റലിയിൽ നിന്ന് എത്തിയ റാന്നി സ്വദേശികൾക്ക് കോവിഡ് പോസിറ്റീവ് ആയപ്പോൾ സംസ്ഥാനത്ത് തന്നെ ആദ്യമായി രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കിയത് പത്തനംതിട്ട ജില്ലയിലായിരുന്നു