കോന്നി : പക്ഷപാതപരമായ സമീപനമാണ് കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നതെന്ന് സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയൻ പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കൺവൻഷൻ കോന്നിയിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തോട് കേന്ദ്രം ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. രാജ്യം ഭരിക്കുന്നവർ കോർപറേറ്റുകളെ ഉപയോഗിച്ച് മാധ്യമ മേഖലയിൽ വല്യ സ്വാധീനം ചെലുത്തി. പാർലമെന്റിൽ പാസാക്കിയ കർഷക ബില്ലുകൾ ഈ രാജ്യത്തെ കർഷകർക്ക് എതിരാണ്. തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ അജണ്ടയല്ല ജാതീയതയാണ് ബി ജെ പി പറയുന്നത്. രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലും ബി ജെ പി യെ സംബന്ധിച്ച് തൃപ്തികരമായ അഭിപ്രായമല്ല ഉള്ളത്. ഓരോ ബഡ്‌ജെറ്റുകളിലും കേന്ദ്രം കേരളത്തെ തഴഞ്ഞു. എൽ ഡി എഫ് ഭരണത്തിന് കീഴിൽ കേരളത്തിലെ വിവിധ രംഗങ്ങളിൽ വലിയ മാറ്റമാണുണ്ടായത്. വനിതാ സുരക്ഷയിൽ പോലീസുമായി ബന്ധപ്പെട്ട് കേരളത്തിൽ പുതിയ സംവിധാനങ്ങൾ നിലവിൽ വന്നു. അതീവ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളെ നാം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽ ഡി എഫ് കൺവീനർ പി ജെ അജയകുമാർ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിലംഗം പി ആർ ഗോപിനാഥൻ, സി പി ഐ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി കെ രാജേഷ്, അഡ്വ കെ യു ജനീഷ്‌കുമാർ എം എൽ എ,സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം മലയാലപ്പുഴ ശശി, സി പി ഐ ജില്ലാ കൗൺസിലംഗങ്ങളായ അഡ്വ കെ എൻ സത്യാനന്ദ പണിക്കർ, കൂടൽ ശാന്തകുമാർ,എ ദീപകുമാർ, സി പി ഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി കോന്നിയൂർ പി കെ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ശ്യാം ലാൽ(പ്രസിഡണ്ട്), വൈസ് പ്രസിഡന്റുമാരായി അഡ്വ കെ എൻ സത്യാന്ദപ്പണിക്കർ, കോന്നി വിജയകുമാർ, ആർ രാജേന്ദ്രൻ, കൂടൽ ശാന്തകുമാർഎന്നിവരെയും ദീപകുമാർ സെക്രട്ടറിയായും കെ രാജേഷ്, ചന്ദ്രബോസ്,പേരൂർ സുനിൽ, സി കെ അശോകൻ എന്നിവരെ ജോയിൻറ് സെക്രട്ടറിമാരായും അഡ്വ കെ യു ജെനീഷ് കുമാർ എം എൽ എ, പി ജെ അജയകുമാർ, മലയാലപ്പുഴ ശശി എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു. 101 അംഗ ജനറൽ കമ്മറ്റിയേയും 37 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു.