റാന്നി: മതത്തിനും വിശ്വാസത്തിനുമെതിരെ സിപിഎം നിലപാട് സ്വീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്ക്കു റാന്നിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതവിരുദ്ധരെന്നു പറഞ്ഞ് സിപിഎമ്മിനെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മലപ്പുറംപോലും പച്ചക്കോട്ട മാറി ഇടതുപക്ഷ പ്രസ്ഥാനവുമായി സഹകരിക്കുന്ന നാടായി മാറുകയാണ്. വിശ്വാസത്തിന്റെ പേരിൽ സിപിഎമ്മിനെ അളക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞുകേരളത്തിലെ മതനിരപേക്ഷത ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് തിരുവല്ലയിലെ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും അനുപാതത്തോടെ ജീവിക്കുന്ന പ്രദേശം ലോകത്ത് വേറെയില്ല. ഇവിടെ വിഷം കലക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം. ആ അപകടത്തെ സി പിഎം ചെറുക്കും.
കേരളത്തിലെ പ്രതിപക്ഷം മാധ്യമങ്ങളാണെന്നും അവർ ഇന്നു പറയുന്ന കാര്യങ്ങളാണ് നിയമസഭയിൽ പ്രതിപക്ഷം നാളെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.തിരുവല്ലയിൽ സിപിഎം ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണിയും റാന്നിയിൽ ജില്ലാ കമ്മിറ്റിയംഗം കോമളം അനിരുദ്ധനും അധ്യക്ഷത വഹിച്ചു. ജാഥാ മാനേജർ പി.കെ.ബിജു, ജാഥാംഗങ്ങളായ സി.എസ്.സുജാത, എം. സ്വരാജ്, ജെയ്ക് സി.തോമസ്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, കെ.യു.ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായൺ എംഎൽഎ, ടി.എം.തോമസ് ഐസക്, ആർ.സനൽകുമാർ, എ.പത്മകുമാർ, കെ.പി.നിർമലദേവി, പി.ബി.സതീഷ് കുമാർ, ടി.ഡി.ബൈജു, ബിനു വർഗീസ്, സുധീഷ് വെൺപാല, പി.ആർ.പ്രസാദ്, പി.ജി.ബൈജു, എസ്.ഹരിദാസ്, പി.എസ്.മോഹനൻ, ടി.എൻ.ശിവൻകുട്ടി, എം.എസ്.രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.