പത്തനംതിട്ട : ഉച്ചഭക്ഷണം കഴിക്കാന്‍ കയറിയവര്‍ക്ക് ചത്ത പാറ്റ ഉള്‍പ്പെടെ കുടിവെള്ളം കൊടുക്കുകയും സലാഡിനൊപ്പം വിം സോപ്പ് നല്‍കുകയും ചെയ്ത പത്തനംതിട്ട അബാന്‍ ജംഗ്ഷനിലെ ഡയാനാ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയെന്നു സൂചന. മുമ്പ് പലപ്രാവശ്യം ഈ ഹോട്ടലിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പരിശോധനയില്‍ കുറ്റങ്ങള്‍ കണ്ടുപിടിച്ചാലും അവ രഹസ്യമായി ഒതുക്കിത്തീര്‍ക്കുകയായിരുന്നു എന്നാണ് വിവരം. മുന്‍ കാലങ്ങളില്‍ നടന്ന പരിശോധനകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹോട്ടല്‍ ഉടമ അത് അവഗണിക്കുകയായിരുന്നു. പിഴതുക അടക്കുവാന്‍ നോട്ടീസ് നല്‍കിയിരുന്നു എങ്കിലും ഇവയും അടച്ചിട്ടില്ലെന്നാണ് വിവരം. അതുകൊണ്ടുതന്നെ ലൈസന്‍സ് പുതുക്കി ലഭിച്ചിട്ടില്ലെന്നാണ് വിവരം. നഗരസഭയിലെ പലരുമായും വളരെ അടുത്തബന്ധം ഹോട്ടല്‍ ഉടമ സജിക്കുണ്ട്. അതുകൊണ്ടുതന്നെയാണ് പത്തനംതിട്ട നഗര ഹൃദയത്തില്‍ ലൈസന്‍സ് ഇല്ലാതെ ഈ ഹോട്ടല്‍ നടത്തുവാന്‍ ഉടമ തയ്യാറാകുന്നതും.
പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലും കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലും കാന്റീന്‍ നടത്തുന്നത് സജിയുടെ ഉടമസ്ഥതയിലുള്ള ഡയാനാ കിച്ചന്‍ ആണ്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിക്കുന്നത് ഇവര്‍ നല്‍കുന്ന ആഹാരമാണ് എന്നത് ഏറെ ഗൌരവമേറിയതാണ്. വിം സോപ്പ് പോലുള്ളവ ഇവരുടെ ആഹാരത്തില്‍ കടന്നുകൂടിയാല്‍ രോഗിയുടെ ജീവനുതന്നെ ഭീഷണിയാകും. ആഹാരത്തിന്റെ നിലവാരം ചോദ്യം ചെയ്യപ്പെടുമ്പോഴും നിയമവിരുദ്ധമായി ഹോട്ടല്‍ നടത്തുവാന്‍ കൂട്ടുനില്‍ക്കുകയാണ് പത്തനംതിട്ട നഗരസഭയും ആരോഗ്യ വിഭാഗവും. പരിശോധനകള്‍ പ്രഹസനമാക്കി മാറ്റുകയാണ് നഗരസഭ. ഭക്ഷ്യ സുരക്ഷാ വകുപ്പും കണ്ണടക്കുകയാണ്.
സംഘടനാ ഭാരവാഹികളെ മുന്‍കൂട്ടി അറിയിച്ചതിനു ശേഷമാണ് മിക്ക പരിശോധനകളും നടത്തുന്നതെന്നും ആരോപണമുണ്ട്. പരിശോധനകള്‍ സംബന്ധിച്ച് വാര്‍ത്തകള്‍ നല്കരുതെന്ന വ്യാപാര സംഘടനകളുടെ ആവശ്യം നഗരസഭ പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടാണ് ഓരോ പരിശോധനയും പൂര്‍ത്തിയാക്കുന്നത്. കഴിഞ്ഞ നാളുകളില്‍ നടന്ന ഹോട്ടല്‍ പരിശോധനയുടെ വാര്‍ത്തകളും ഹോട്ടലിന്റെ പേരുമൊന്നും വെളിച്ചം കാണാതിരുന്നതിന്റെ പിന്നില്‍ ഈ അവിശുദ്ധ കൂട്ടുകെട്ട് ആയിരുന്നുവെന്നതില്‍ സംശയമില്ല. >>> തുടരും…പരിശോധനയില്‍ പിടിച്ചെടുത്തത് പഴകിയ ബീഫ് – ആഴ്ച ഒന്നുകഴിഞ്ഞിട്ടും നോട്ടീസുമില്ല പിഴയുമില്ല.