പത്തനംതിട്ട: പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത നടപ്പാക്കുന്ന സാന്തോം ഹൗസിംഗ് പദ്ധതിപ്രകാരം പണി പൂര്‍ത്തിയാക്കിയ നാല് വീടുകളുടെ താക്കോല്‍ദാനം നടത്തി.
രൂപതാധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, മുന്‍ രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ദാനം നിര്‍വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ഡോ. ഷാജി മാണികുളം, മേരിമക്കള്‍ സന്യാസിനി സമൂഹം സെന്റ് മേരീസ് പ്രൊവിന്‍ഷല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മേഴ്സി ജോണ്‍, ബഥനി സന്യാസിനി സമൂഹം പത്തനംതിട്ട പ്രൊവിന്‍സ് സുപ്പീരിയര്‍ സിസ്റ്റര്‍ ഹൃദ്യ, റവ. ജോസ് ചാമക്കാലായില്‍ കോര്‍ എപ്പിസ്കോപ്പ, പ്രൊക്കുറേറ്റര്‍ ഫാ. സിജോ ജയിംസ് ചരിവുപറമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സണ്ണി മാത്യു പാറയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മൈലപ്രയില്‍ സഭാ വക സ്ഥലത്ത് ആറു വീടുകളാണ് പണിയുന്നത്. ഇതില്‍ നാലു വീടുകളുടെ താക്കോല്‍ദാനമാണ് നടത്തിയത്. രണ്ട് വീടുകള്‍ കൂടി ഉടന്‍ കൈമാറും. 50 ലക്ഷത്തോളം രൂപ ചെലവിലാണ് നിലവിലെ പദ്ധതി പൂര്‍ത്തിയാക്കുന്നതെന്ന് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പേലീത്ത പറഞ്ഞു.
രൂപതയുടെ നേതൃത്വത്തില്‍ സമാഹരിച്ച തുകയാണ് വിനിയോഗിച്ചത്. അനുഗ്രഹ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 50 ലക്ഷം രൂപയുടെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടപ്പാക്കിയിരുന്നു.