പത്തനംതിട്ട : ജില്ലയ്ക്ക് ഇന്ന് നാല്‍പ്പത്തി മൂന്നു വയസ്. 1982 നവംബർ മാസം ഒന്നാം തീയതി കേരളത്തിലെ 13-ആമത്തെ ജില്ലയായി പത്തനംതിട്ട ജില്ല രൂപീകൃതമായി. തെക്കൻകേരളത്തിലെ ചരിത്രമുറങ്ങുന്ന പത്തനംതിട്ട അനന്ത സാധ്യതകളുടെ ജില്ലയാണ്. അത് വ്യവസായം, വാണിജ്യം, ടൂറിസം തുടങ്ങി നാനാവിധ മേഖലകളിൽ പ്രകടവുമാണ്. ഇപ്പോൾ നടന്നുവരുന്ന വികസനപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ശബരിമല തീർഥാടനം, മാരാമൺ, ചെറുകോൽപ്പുഴ കൺവെൻഷനുകൾപോലെ അനവധി തീർഥാടകരും വിശ്വാസികളും എത്തുന്ന പൈതൃക സാംസ്കാരിക കൂട്ടായ്മകൾക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ അടിസ്ഥാന സൗകര്യവികസനം മറ്റേത് കാലഘട്ടങ്ങളിലേക്കാളും പൂർണമാകും.
അതേസമയം പത്തനംതിട്ട ജില്ലയുടെ ശില്പിയും മുൻ എം.എൽ.എയുമായ കെ.കെ.നായരുടെ പ്രതിമ ശബരിമല ഇടത്താവളത്തിന് സമീപം ഉപേക്ഷിച്ച മട്ടിലാണ് ഇന്നുള്ളത്. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുമ്പിൽ സ്ഥാപിച്ചിരുന്ന പ്രതിമ അബാൻ മേൽപ്പാലം പണിയുടെ ഭാഗമായി മാറ്റുകയായിരുന്നു. മേൽപ്പാലത്തിന്റെ നിർമ്മാണാരംഭം മുതലുള്ള ഗതാഗത പ്രശ്നങ്ങൾ കാരണം വാഹനങ്ങൾ ഇടിച്ച് പ്രതിമയുടെ ഇരുമ്പ് സംരക്ഷണ വേലി തകർന്ന ശേഷമാണ് പ്രതിമ മാറ്റുന്നത്. 2013 ൽ കെ.കെ.നായരുടെ നിര്യാണത്തെ തുടർന്ന് നഗരസഭ കെ.കെ.നായർക്ക് സ്മാരകമായി പ്രതിമ സ്ഥാപിക്കുകയായിരുന്നു. ടൗൺ പ്ലാനിംഗുമായി ബന്ധപ്പെട്ട് അബാൻ ജംഗ്ഷനിൽ പുതിയ പ്രതിമ സ്ഥാപിക്കും.