പത്തനംതിട്ട : ഇടിയുടെ അകമ്പടിയില്‍ തകര്‍ത്ത് പെയ്യേണ്ട തുലാമഴയും ചതിച്ചതോടെ ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ കുറഞ്ഞത് 60 ശതമാനം മഴ. മുന്‍വര്‍ഷങ്ങളില്‍ 37 ശതമാനം വരെ അധിക മഴ ലഭിച്ചിരുന്ന ജില്ലയാണ് പത്തനംതിട്ട.
മണ്‍സൂണ്‍, വേനല്‍മഴ എല്ലാംകൂടി കണക്കെടുത്താല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 60.38 ശതമാനം മഴയുടെ കുറവ് ജില്ലയ്‌ക്കുണ്ടെന്നാണ് കാലാവസ്‌ഥ നിരീക്ഷണ വിഭാഗത്തിലെ കണക്കുകള്‍ വ്യക്‌തമാക്കുന്നത്. കനത്ത മഴയും വെള്ളപ്പൊക്കവുമൊക്കെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടും ഇപ്പോള്‍ നാട് വെന്തുരുകുകയാണ്. അവസാന പ്രതീക്ഷയായിരുന്ന തുലാ മഴയും ജില്ലയെ ചതിച്ചതോടെ പകല്‍ അന്തിയോളവും താപനില 36 ഡിഗ്രിവരെ ഉയര്‍ന്നു നില്‍ക്കുന്നു.
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ചിലയിടങ്ങളില്‍ മഴ ലഭിക്കുന്നത് വൈകുന്നേരങ്ങളിലെ ചൂടിന് നേരിയ ആശ്വാസമാണെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലെ ജലക്ഷാമം ഉള്‍പ്പെടെയുള്ളവയ്‌ക്ക് പരിഹാരമായിട്ടില്ല. ഭൂമിയിലേക്ക് ജലം താഴ്‌ന്നിറങ്ങാന്‍ പാകത്തില്‍ മഴ ലഭിച്ചിട്ടുമില്ല. കാര്‍ഷിക മേഖലയ്‌ക്ക് മാത്രമാണ് മഴ നേരിയ ആശ്വാസമായത്.
അന്തരീക്ഷ താപനില ഉയര്‍ന്നതോടെ സൂര്യാതപമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടാനുള്ള സാധ്യതയും കൂടുതലാണ്. ചൂടിന്റെ രൂക്ഷതയില്‍ വേനല്‍ക്കാലരോഗങ്ങള്‍ പലതും കണ്ടുതുടങ്ങിയിട്ടുണ്ട്. ചൂടിന്റെ കാഠിന്യം അപ്രതീക്ഷിതമായി വര്‍ധിക്കുന്നത് സൂര്യാഘാതത്തിന് സാധ്യത ഉണ്ടാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.