കോഴഞ്ചേരി: വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാതെ അന്താരാഷ്ര്‌ട നിലവാരത്തില്‍ നിര്‍മ്മിച്ച റോഡ് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും വിനയാകുന്നു.
ഇലന്തൂര്‍-ഓമല്ലൂര്‍ റോഡില്‍ ഇലന്തൂര്‍ ചന്ത ഭാഗത്തു ഏകദേശം അര കിലോമീറ്ററോളം ഭാഗത്താണ് ഓട നിര്‍മിക്കാതെ കരാറുകാര്‍ മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്‌തപ്പോള്‍ വെള്ളം ഒഴുക്കിക്കളയാന്‍ ഓടകള്‍ ഇല്ലാത്തതു മൂലം റോഡിലൂടെ പരന്ന് ഒഴുകുകയായിരുന്നു. ഇത് അപകടങ്ങള്‍ക്കും കാരണമായി. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വെള്ളം കാല്‍നട യാത്രക്കാരിലേക്കും കടകളിലേക്കും തെറിക്കുന്നതും തര്‍ക്കങ്ങള്‍ക്ക് കാരണമായി.
നേരത്തെ നിര്‍മാണം പൂര്‍ത്തീകരിക്കും മുമ്പേ ജലഅതോറിട്ടി റോഡ് വെട്ടിപ്പൊളിച്ചതിന്റെ പേരില്‍ ഇവിടെ ഏറെ വിവാദമുണ്ടായിരുന്നു. ഏറെ കാത്തിരിപ്പിന് ശേഷം നിര്‍മാണം പുനരാരംഭിച്ച ഇലന്തൂര്‍-ഓമല്ലൂര്‍ റോഡാണ് ടാറിങ് നടത്തി തൊട്ടടുത്ത ദിവസം തന്നെ ജീവനക്കാര്‍ കുളം കുഴിച്ചത്. ഇപ്പോള്‍ ഇത് താത്‌ക്കാലികമായി അടച്ചിട്ടുണ്ട്. കുഴികള്‍ നിറഞ്ഞിരുന്ന റോഡിന് വീതി കൂട്ടി ടാറിങ് ചെയ്യാനായിരുന്നു നിര്‍ദേശം.
ഓടകള്‍ നിര്‍മിക്കാനും കരാറില്‍ പറഞ്ഞിരുന്നു. മഴ കനത്തു പെയ്യുക കൂടി ആയതോടെ വീണ്ടും പഴയ പടി ആകാനുള്ള സാധ്യതയാണുള്ളത്. റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന വൈദ്യുതി പോസ്‌റ്റ് മാറ്റുന്നതിനുള്ള നടപടികളും പൂര്‍ത്തിയായിട്ടില്ല. ഇത് കൂടുതല്‍ അപകടങ്ങള്‍ക്കും കാരണമാകും.