ഇലന്തൂർ : ജില്ലയിൽ ദിവസം കൂടുന്തോറും കാട്ടുപന്നികളുടെ ശല്യം കൂടി വരികയാണ്. മുൻപ് വനത്തോട് ചേർന്ന ഭാഗങ്ങളിലാണ് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരുന്നത് എങ്കിൽ ഇപ്പോൾ ജനവാസ മേഖലകളിലും നഗരത്തോട് അടുത്ത കിടക്കുന്ന പ്രദേശങ്ങളിലുമാണ് കാട്ടുപന്നികളുടെ രൂക്ഷമായിരിക്കുന്നത്.
കാട്ടുപന്നികൾ കൂട്ടമായി എത്തി കൃഷി നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. ഇന്നു രാവിലെ ഇലന്തൂർ പരിയാരത്തും കാട്ടുപന്നികൾ ഇറങ്ങി കൃഷി നശിപ്പിച്ചു. ഇലന്തൂർ പരിയാരത്ത് പാർവതി നിവാസിൽ നവീൻ്റെ പുരയിടത്താണ് കാട്ടുപന്നിക്കുട്ടം ഇറങ്ങി കൃഷി നശിപ്പിച്ചത്.
നഗരത്തോടു അടുത്തു കിടക്കുന്ന പ്രദേശങ്ങളിൽ പോലും കാട്ടുപന്നികളുടെ രൂക്ഷമായ ശല്യം ഉണ്ടായ സാഹചര്യത്തിൽ മുതിർന്നവരും കുട്ടികളും ഒരുപോലെ ഭയന്നിരിക്കുകയാണ്. കാട്ടുപന്നികളുടെ ശല്യത്തെ കുറിച്ച് പഞ്ചായത്ത് അധികൃതരോടും വനം വകുപ്പ് ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞിട്ടും വേണ്ട നടപടി സ്വീകരിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. കാട്ടുപന്നികളെ ക്ഷുദ്രജീവി ഗണത്തിൽപ്പെടുത്തി ഇല്ലായ്മ ചെയ്യാനുള്ള നിയമം പ്രാബല്യത്തിലായില്ലെങ്കിൽ ഗ്രാമ-നഗരവാസികൾക്ക് ഒരു പോലെ സ്വൈര്യ ജീവിതം നഷ്ടമാകുമെന്നും പ്രദേശവാസികൾ പറയുന്നു.