പത്തനംതിട്ട: കാര്‍ഷികോത്പന്നങ്ങളുടെ വിളവെടുപ്പുകാലം എത്തിയതോടെ പഴയതുപോലെ വില ഇടിഞ്ഞു. പ്രകൃതിയോടും കാട്ടുമൃഗത്തോടും പടവെട്ടി വിളയിച്ച കാര്‍ഷികവിഭവങ്ങള്‍ വിപണിയിലെത്തിച്ചപ്പോള്‍ നേരിടേണ്ടിവരുന്നത് മോശമായ സമീപനമെന്ന് കര്‍ഷകര്‍.
ഏത്തക്കുല വിലയാണ് പ്രധാനമായും ഇടിഞ്ഞത്. കിലോഗ്രാമിന് 25 – 30 രൂപയ്ക്കാണ് കൃഷിയിടങ്ങളില്‍ നിന്ന് വ്യാപാരികള്‍ വാങ്ങുന്നത്. ഇടനിലക്കാരായ ചിലരാണ് വില ഇടിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. രണ്ടാഴ്ച മുമ്പുവരെ കര്‍ഷകര്‍ക്ക് 45 രൂപ വരെ ലഭിച്ചിരുന്നതാണ്.
ഏത്തപ്പഴത്തിനു വില വിപണിയില്‍ വാങ്ങാനെത്തുമ്പോള്‍ കുറഞ്ഞിട്ടുമില്ല. മൂന്ന് കിലോഗ്രാമിന് 100 രൂപ നിരക്കില്‍ പുറമേ നിന്നുള്ള വാഴക്കുല വില്പനയ്ക്കെത്തിച്ച് കര്‍ഷക വിപണി ഇടിക്കുകയായിരുന്നു. ജില്ലയിലെ പ്രധാനപ്പെട്ട കര്ഷവിപണിയായ വകയാറില്‍ പോലും ന്യായമായ വില ലഭിക്കുന്നില്ല.
ശീമചേമ്പ് ഒഴികെ മറ്റു കാര്‍ഷികവിളകളുടെ വിലയും കുത്തനെ ഇടിഞ്ഞു. ചേനയ്ക്ക് കിലോഗ്രാമിന് 16 രൂപ പോലും ലഭിക്കുന്നില്ല. 40 രൂപയ്ക്ക് വാങ്ങി കൃഷി ചെയ്ത ചേനയാണ് വിളവെടുത്തത്. വിളവിന് വില കുത്തനെ ഇടിഞ്ഞു. ഇഞ്ചി, മധുരക്കിഴങ്ങ്, കണ്ണന് ചേമ്പ് എന്നിവയ്ക്കും ന്യായമായ വില കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല.
വാഴക്കുലയുടെ വിലയും കുത്തനെ ഇടിഞ്ഞു. പൂവന്, ഞാലപ്പുവന്, പാളയന്കോടന്, റോബസ്റ്റ എന്നിവയ്ക്കും ന്യായവില ലഭിക്കുന്നില്ല. ഉത്പാദനച്ചെലവിനനുസരിച്ച് വില ലഭിക്കാതെ വന്നതോടെ കര്‍ഷകര്‍ നഷ്ടത്തിലായി. സ്ഥലം പാട്ടത്തിനെടുത്തും വായ്പയെടുത്തുമൊക്ക കൃഷി നടത്തിയ കര്‍ഷകരാണ് ദുരിതത്തിലായത്. ഓണക്കാല വിപണിയില്‍ പോലും ഇത്തവണ ന്യായമായ വില കര്‍ഷകര്‍ക്കു ലഭിച്ചിരുന്നില്ല. എന്നാല്‍ ഉത്പന്നങ്ങള്‍ വാങ്ങാനെത്തുമ്പോള്‍ കടകളില്‍ വില കൂടുതലുമായിരുന്നു.
നിലവിലും സ്ഥിതി വ്യത്യസ്തമല്ല. പച്ചക്കറി വിപണിയില്‍ വില കുതിച്ചുയരുകയാണ്. പുറമേനിന്ന് എത്തിക്കുന്ന എല്ലായിനം പച്ചക്കറികള്‍ക്കും വന്‍ വിലയാണ്. ഉള്ളിക്ക് കിലോഗ്രാമിന് 100 രൂപയാണ് വില. സവാളയ്ക്ക് 90 രൂപയായി. തക്കാളി, കാരറ്റ്, ബീന്‍സ് തുടങ്ങിയവയുടെ വിലയും ഉയര്‍ന്നു. നാടന്‍ പച്ചക്കറികള്‍ ഇത്തവണ വിപണിയിലേക്ക് എത്തുന്നില്ല. മഴ ശക്തമായിരുന്നതിനാല്‍ പച്ചക്കറി കൃഷിക്ക് വന്‍ നഷ്ടം നേരിട്ടതായി കര്‍ഷകര്‍ പറയുന്നു. അല്പമെങ്കിലും വിളവ് മെച്ചപ്പെട്ടത് വിത്തിനങ്ങളാണ്. ഇവയ്ക്കാകട്ടെ വിലയും ഇല്ലാത്ത സ്ഥിതിയാണ്. മരച്ചീനിക്കു മാത്രമാണ് ഇപ്പോള്‍ ന്യായമായ വിലയുള്ളത്. ഇതാകട്ടെ കാട്ടുപന്നിയുടെ ശല്യത്തില്‍ നിന്നു സംരക്ഷിച്ചുനിര്‍ത്താന്‍ കര്‍ഷകര്‍ നെട്ടോട്ടത്തിലുമാണ്.
കാട്ടുപന്നി ശല്യത്തില്‍ നിന്നു മറ്റു വിത്തിനങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തുകതന്നെ ബുദ്ധിമുട്ടാണ്. വന്‍തുക ചെലവഴിച്ചാണ് പലരും കൃഷി സംരക്ഷിച്ചു നിര്‍ത്തിയത്. വേലി നിര്‍മിക്കാനുമൊക്കെ ചെലവേറിയിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് പ്രോത്സാഹനം ലഭിച്ചുവെങ്കിലും കൃഷി സംരക്ഷിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സഹായം ലഭിച്ചില്ല. മെച്ചപ്പെട്ട വില ഉറപ്പാക്കാനും കഴിയുന്നില്ല.