പത്തനംതിട്ട :ലോക്ഡൗണിന് ശേഷം വിവാഹച്ചടങ്ങുകള്‍ സജീവമായതോടെ പൂ വിപണി ഉണര്‍ന്നു. വിപണിയില്‍ ആവശ്യത്തിനു പൂക്കള്‍ ലഭ്യമല്ലാത്തതിനാല്‍ റോസ്, മുല്ല ഉള്‍പ്പെടെയുള്ളവയുടെ വില കുത്തനെ ഉയര്‍ന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യത്തിനുള്ള പൂക്കള്‍ എത്തുന്നില്ല.
നവരാത്രി പൂജകളോടനുബന്ധിച്ചു പൂക്കളുടെ വില ഇരട്ടിയായിരുന്നു. ഒരു കെട്ട് റോസിന് 400 രൂപയാണ് വില. മുല്ലപ്പൂ കിലോയ്ക്ക് 700-800 രൂപ വരെയാണ് വില. മുഴത്തിന് 30 മുതല്‍ 40 രൂപ വരെ വിലയുണ്ട്. 100 രൂപയായിരുന്ന ബന്തിപ്പൂവിനു വില 160 രൂപയായി. ക്രിസാന്ത ഹൈബ്രിഡ് ഒരു കെട്ടിന് 400 രൂപയായി. മുന്‍പ് 250 -280 രൂപ വരെയായിരുന്നു. കാര്‍ണീഷ്യ, ഗ്ലാഡിസ്, ലില്ലി തുടങ്ങിയവയ്ക്കെല്ലാം ഇരട്ടി വിലയായി. തമിഴ്നാട്ടിലെ തെങ്കാശിക്കടുത്തുള്ള ശങ്കരന്‍ കോവിലില്‍ നിന്നാണ് ജില്ലയിലേക്ക് കൂടുതല്‍ പൂക്കളും എത്തിക്കുന്നത്. ഗതാഗതത്തിനുള്ള ചെലവ് വര്‍ധിച്ചതും പൂക്കളുടെ വില വര്‍ധനയ്ക്കു കാരണമായി.