പത്തനംതിട്ട: ജില്ലയിലെ സമ്പൂർണ കോവിഡ് ചികിത്സ കേന്ദ്രമായ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കോവിഡ് ചികിത്സ നിർത്തുന്നു. കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടന കാലം ആരംഭിച്ച സഹചര്യത്തിലുമാണ് പുതിയ തീരുമാനം.
ഇനി മുതൽ കോവിഡ് പോസിറ്റീവായി ചികിത്സ ആവശ്യമുള്ളവരെ രോഗികളെ ഇനി കോഴഞ്ചേരി ജില്ല ആശുപത്രിയിലായിരിക്കും പ്രവേശിപ്പിക്കുന്നത്. ഇനി കോഴഞ്ചേരി ജില്ല ആശുപത്രി പൂർണമായും കോവിഡ് ആശുപത്രിയായി പ്രവർത്തിക്കും. കാറ്റഗറി ബി യിൽ ഉൾപ്പെടുന്ന രോഗികളെ ജില്ലയിലെ മൂന്ന് സി.എസ്.എൽ.ടി.സികളിലും അഡ്മിറ്റ് ചെയ്യും. ജില്ലയിൽ കോഴഞ്ചേരി ജില്ല ആശുപത്രിയും പത്തനംതിട്ട ജനറൽ ആശുപത്രിയുമായിരുന്നു രണ്ട് കോവിഡ് ചികിത്സ കേന്ദ്രങ്ങൾ. 140 കിടക്കകളുള്ള കോഴഞ്ചേരി ജില്ല ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമായി തുടരുന്നതിനൊപ്പം ഇതര ചികിത്സയും നടന്നിരുന്നു. ഇവിടെ ഇപ്പോൾ 98 രോഗികളാണ് കോവിഡ് ചികിത്സയിലുള്ളത്.
ജനറൽ ആശുപത്രി 297 കിടക്കകളോടെ പൂർണ കോവിഡ് ആശുപത്രിയായി പ്രവർത്തിച്ച് വരുകയായിരുന്നു. ബുധനാഴ്ച വരെ 88 കോവിഡ് രോഗികളാണ് ജനറൽ ആശുപത്രിയിൽ ഉണ്ടായിരുന്നത്. തീവ്രപരിചരണം ആവശ്യമായി വരുന്നവർക്ക് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ 35 കിടക്കകൾ ക്രമീകരിച്ചിട്ടുണ്ട്. കാറ്റഗറി ബിയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കാനായി കോഴഞ്ചേരി, റാന്നി, പന്തളം എന്നിവിടങ്ങളിലായി മൂന്ന് സി.എസ്.എൽ.ടി.സികളാണ് പ്രവർത്തിക്കുന്നത്. മൂന്നിടത്തുമായി മൊത്തം 680ഓളം കിടക്കകളുമുണ്ട്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കോവിഡ് പ്രവർത്തനം നിർത്തുന്നതോടെ അത്യാഹിത വിഭാഗം, ജനറൽ ഒ.പി, സ്പെഷലിസ്റ്റ് ഒ.പി, ഐ.പി തിയറ്റർ, ഡയാലിസിസ്, ലാബ്, കാർഡിയോളജി, ന്യൂറോളജി തുടങ്ങിയവയുടെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കാൻ ഡി.എം.ഒ നിർദേശം നൽകിയിട്ടുണ്ട്.
കോഴഞ്ചേരി ജില്ല ആശുപത്രിയിൽ അത്യാഹിത വിഭാഗം, സാന്ത്വന പരിചരണം ഒഴിച്ചുള്ള നോൺ കോവിഡ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തും. ഗൈനക്കോളജി, ഡയാലിസിസ് ഉൾപ്പെടെ 255 കിടക്കകളോടെ പൂർണ കോവിഡ് ആശുപത്രിയായും ക്രമീകരിക്കും. അതേസമയം, കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കോവിഡ് രോഗികളെ പ്രവേശിപ്പിക്കണമെന്നും നിർദേശമുണ്ട്.