പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ ഒപി മാത്രം നിലനിർത്തി ശസ്ത്രക്രിയാ വിഭാഗങ്ങൾ എല്ലാം കോന്നി മെഡിക്കൽ കോളേജിജിലേക്കു മാറ്റുന്നു. എതിർപ്പുമായി കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) രംഗത്ത്. പ്രധാന ശസ്ത്രക്രിയ വിഭാഗങ്ങളായ ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അസ്ഥിരോഗം, ഇഎൻടി തുടങ്ങി ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിഭാഗങ്ങളാണ് കോന്നിയിലേക്ക് മാറ്റുന്നത്. ജില്ലയിലെ ആരോഗ്യസേവന രംഗത്ത് നിർണായക പങ്ക് വഹിക്കുന്ന ജനറൽ ആശുപത്രിയിലെ പ്രധാന വകുപ്പുകൾ എല്ലാം അതീവരഹസ്യമായാണ് കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത്. അവിടെ അടിസ്ഥാന സൗകര്യങ്ങൾ തീരെയില്ല. യാത്രാ സൗകര്യവുമില്ല. ആരോഗ്യ വകുപ്പിന്റെ പരിഷ്കാരം ജനങ്ങൾക്ക് ദുരിതമായി മാറും. ജനറൽ ആശുപത്രി ആരോഗ്യ വകുപ്പിന്റെയും മെഡിക്കൽ കോളേജ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെയും കീഴിലാണ്.
ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗങ്ങൾ എല്ലാം കോന്നിയിലേക്കു മാറ്റുന്നതിൽ രണ്ട് വിഭാഗങ്ങൾ തമ്മിലും അഭിപ്രായ വ്യത്യാസമുണ്ട്. ബിഎൻസി ബ്ലോക്കിന്റെ പുനരുദ്ധാരണത്തിനാണ് ഇവ മാറ്റുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഈ കെട്ടിടത്തിലാണ് പ്രധാന ഓപ്പറേഷൻ തിയേറ്ററുകൾ ഉള്ളത്. ഇതിനു ബലക്ഷയം ഉണ്ടെന്ന് 4 വർഷം മുൻപ് കണ്ടെത്തിയതാണ്. അതിന്റെ അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്തിയ ശേഷം ഒപി അത്യാഹിത വിഭാഗം എന്നിവയുടെ കെട്ടിടം പൊളിച്ചു പണിയാനായിരുന്നു അന്നത്തെ തീരുമാനം.
ബിആൻസി ബ്ലോക്കിന്റെ ബലപ്പെടുത്തൽ ജോലികൾ നടത്താൻ അന്നു കഴിഞ്ഞില്ല. പ്രധാന സൗകര്യങ്ങൾ ബിആൻഡ്സി ബ്ലോക്കിലേക്കു മാറ്റിയാണ് പുതിയ നിർമാണത്തിനായി ഒപി, അത്യാഹിത വിഭാഗം കെട്ടിടം പൊളിച്ചത്. ഇപ്പോൾ ബി ആൻഡ് സി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങാൻ ഓപ്പറേഷൻ തിയേറ്റർ എല്ലാം കോന്നിയ്ക്കു മാറ്റേണ്ട സ്ഥിതിയായി.
പ്രവർത്തനം നിലച്ച ജിഇഒ ആശുപത്രി കെട്ടിടത്തിലേക്ക് ജനറൽ ആശുപത്രി താൽക്കാലികമായി മാറ്റി പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങാൻ നേരത്തെ ആലോചന നടന്നതാണ്. ഇതിനായി നഗരസഭയും ജനറൽ ആശുപത്രി അധികൃതരും സംയുക്ത പരിശോധനയും നടത്തി അനുയോജ്യമാണെന്നും കണ്ടെത്തിയതാണ്. ജിഇഒ ആശുപത്രി കെട്ടിടം നഗരസഭ വാടകയ്ക്ക് സംഘടിപ്പിച്ച് ആരോഗ്യവകുപ്പിനെ ഏൽപിക്കാനും തയാറായി. അവസാന നിമിഷമാണ് ഇത് മാറ്റി മറിച്ചത്. അതിന്റെ പേരിലുള്ള ഉടക്ക് നഗരസഭയിൽ നിന്നു ജനറൽ ആശുപത്രി ജില്ലാ പഞ്ചായത്തിലേക്കു മാറ്റുന്നതിലും എത്തി. നഗരസഭ, ആശുപത്രി മാനേജിങ് കമ്മിറ്റി എന്നിവയുമായി ആലോചിക്കാതെയാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്. നീക്കം ഉപേക്ഷിക്കണമെന്ന് കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ആവശ്യപ്പെട്ടു.