പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വീണ്ടും ഓക്സിജന്‍ ക്ഷാമം. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍നിന്ന് സിലിണ്ടറുകള്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചാണ് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കിയത്. നിലവില്‍ സ്ഥിതി ഗുരുതരമല്ലെന്നും താല്‍ക്കാലിക ക്ഷാമം പരിഹരിച്ചു എന്നുമാണ് ജില്ല ഭരണകൂടം പറയുന്നത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും രോഗികള്‍ പെരുകിയാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടാകുമെന്നതിന്റെ സൂചനയാണ് പത്തനംതിട്ടയിലുണ്ടായത്.
ജില്ലയില്‍ കോവിഡ് ബാധിതരെ ചികിത്സിക്കുന്ന രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലൊന്നാണ് പത്തനംതിട്ട ജനറല്‍ ആശുപത്രി. 123 കോവിഡ് ബാധിതരാണ് ഇവിടെ ചികിത്സയിലുള്ളത്. അതില്‍ 15 പേരുടെ ആരോഗ്യനില വളരെ ഗുരുതരമാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിയില്‍ കൂടുതല്‍ ഓക്സിജന്‍ ആവശ്യമായത്. 93 ഓക്സിജന്‍ സിലിണ്ടറുകളുണ്ടെങ്കിലും ഭൂരിഭാഗവും കാലിയാണ്. കൂടുതല്‍ ഓക്സിജന്‍ സംഭരിക്കുന്നതിന് സിലിണ്ടറുകളുടെ അപര്യാപ്തതയുണ്ട്.
ക്ഷാമം നേരിടാന്‍ കരുതല്‍ ശേഖരം എന്ന നിലയിലാണ് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 26 സിലിണ്ടറുകള്‍ എത്തിച്ചത്. ഉല്പാദനം, അത് കൊണ്ടുവരുന്നതിനുള്ള ടാങ്കറുകള്‍, സംഭരിക്കുന്നതിനുള്ള സിലിണ്ടറുകള്‍ എന്നിവയെല്ലാം ശരിയായെങ്കിലേ ഓക്സിജന്‍ ആവശ്യത്തിന് ലഭ്യമാക്കാനാവൂ എന്ന് പത്തനംതിട്ട കളക്ടര്‍ നരസിം ഹുഗാരി തേജ് റെഡ്ഡി പറഞ്ഞു. അതിനുള്ള എല്ലാ കാര്യങ്ങളും സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ചെയ്തുവരുകയാണെന്നും കലളക്ടര് പറഞ്ഞു.
എറണാകുളത്തുനിന്ന് കൂടുതല്‍ സിലിണ്ടറുകള്‍ ഉടനെത്തും. കഴിഞ്ഞ ദിവസം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം ഉണ്ടായപ്പോള്‍ ജനറല്‍ ആശുപത്രിയിലെ കരുതല്‍ ശേഖരത്തില്‍നിന്നാണ് ഓക്സിജനെത്തിച്ചത്. കുന്നന്താനത്തെ ഓക്സിജന്‍ പ്ലാന്റില്‍ കരുതല്‍ ശേഖരമില്ലാതായതാണ് ജില്ലയെ പ്രതിസന്ധിയിലാക്കിയത്.