പത്തനംതിട്ട : ഇലന്തൂരിലെ സർക്കാർ നഴ്സിംഗ് കോളേജിൽ സൗകര്യങ്ങൾ ഒരുക്കാത്തതിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായി. പ്രിൻസിപ്പലിന്റെ ഓഫീസിന് മുമ്പിലും നഴ്സിംഗ് കോളേജിന്റെ മുമ്പിലും വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. അടിസ്ഥാന സൗകര്യങ്ങളും കോഴ്സിന് അംഗീകാരവും ഇല്ലാതെയാണ് നഴ്സിംഗ് കോളേജ് ആരംഭിച്ചതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. 2023 ൽ ആദ്യ ബാച്ചും കഴിഞ്ഞവർഷം രണ്ടാമത്തെ ബാച്ചും പ്രവേശനം നേടിയിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തിൽ കെ.എസ്.യു പ്രവർത്തകരും പിന്തുണയുമായെത്തി.
റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ ഡി വൈ.എസ്.പി എസ്.ആഷാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് നീക്കി. വിദ്യാർത്ഥികളും ഡിവൈ.എസ്.പിയും പ്രിൻസിപ്പലുമായി നടത്തിയ ചർച്ചയിൽ സമരം താൽക്കാലികമായി അവസാനിപ്പിക്കുവാനും കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കാനും ധാരണയായി. രണ്ട് ദിവസത്തിനുള്ളിൽ കളക്ടറുമായി വിദ്യാർത്ഥികൾ ചർച്ച നടത്തും. കേരള ബി.എസ് സി സ്റ്റുഡന്റ് നഴ്സസ് ഭാരവാഹികളുമായും വിദ്യാർത്ഥികൾ ചർച്ച നടത്തി.