പത്തനംതിട്ട: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ദേശവ്യാപകമായി ബി.എം.എസ് ഒഴികെയുള്ള ദേശിയ ട്രേഡ് യൂണിയനുകള്‍ ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9 ന് പ്രഖ്യാപിച്ചിട്ടുള്ള ‘മഹാ പടവ് ‘ പരി പാടിയുടെ ഭാഗമായി അയ്യായിരം തൊഴിലാളികള്‍ പങ്കെടുക്കുന്ന ‘ മഹാ ധര്‍ണ്ണ ‘ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടക്കും. പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂലൈ 29ന് രണ്ടു പ്രചാരണ വാഹന ജാഥകള്‍ ജില്ലയില്‍ പര്യടനം നടത്തും. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് ജ്യോതിഷ്‌കുമാര്‍ മലയാലപ്പുഴ നയിക്കുന്ന ജാഥ രാവിലെ 9നു കടപ്രയില്‍ ആരംഭിച്ച് വൈകിട്ട് റാന്നി ഇട്ടിയപ്പാറയില്‍ സമാപിക്കും. തിരുവല്ല, ആറന്മുള, റാന്നിനിയോജകമണ്ഡലങ്ങളിലെ 21 കേന്ദ്രങ്ങളില്‍ ജാഥയുടെ ഭാഗമായി പൊതുസമ്മേളനങ്ങള്‍ നടക്കും. യു.ടി.യു.സി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് ജാഥ ഉദ്ഘാടനം ചെയ്യും.
സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് എസ് ഹരിദാസ് ആണ് വൈസ്‌ക്യാപ്റ്റന്‍. പി.കെ ഗോപി മാനേജര്‍ ആയ ജാഥയില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ ഫ്രാന്‍സിസ് വി ആന്റണി, എ.ഡി. ജോണ്‍, രതീഷ് കുമാര്‍, കെ.പി മധുസൂധനന്‍ പിള്ള, ബോബി കാക്കാനംപള്ളില്‍, കെ ഐ ജോസഫ്, ബിനു ബേബി എന്നിവര്‍ അംഗങ്ങള്‍ ആണ്.സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി ബി ഹര്‍ഷകുമാര്‍ നയിക്കുന്ന ജാഥ, അടൂര്‍, കോന്നി നിയോജകമണ്ഡലങ്ങളിലെ 18 കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി തോട്ടുവാ മുരളി ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി സജി വൈസ് ക്യാപ്റ്റന്‍ ആയ ജാഥയില്‍, മലയാലപ്പുഴ മോഹന്‍ ജാഥാ മാനേജരാണ്. എം.വി.സഞ്ജു, ഹരികുമാര്‍ പൂതങ്കര, ജി ശ്രീകുമാര്‍, തോമസുകുട്ടി കുമ്മണ്ണൂര്‍, അയൂബ്ഖാന്‍, അനില്‍ അമ്പാട്ട്, വി ഡി സന്തോഷ് എന്നിവര്‍ അംഗങ്ങളാണ്. സീതത്തോട്ടില്‍ സമാപിക്കും. രാവിലെ 10 ന് ആരംഭിച്ചു വൈകുന്നേരം 6 വരെ നീളുന്ന മഹാ ധര്‍ണ്ണ ജില്ലയിലെ ഏറ്റവും വലിയ തൊഴിലാളി പ്രക്ഷോഭമാക്കി മാറ്റാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി സംയുക്ത സമിതി ചെയര്‍മാന്‍ ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, കണ്‍വീനര്‍ കെ സി രാജഗോപാല്‍ എന്നിവര്‍ അറിയിച്ചു.