പത്തനംതിട്ട : വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ക്ക് തടവുശിക്ഷ വിധിച്ച് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ആറന്മുള ഇടയാറന്‍മുള മലയില്‍ പറമ്പില്‍ വീട്ടില്‍ മോഹന(65)നെയും ഭാര്യ രാധാമണി(55) യേയുമാണ് മജിസ്ട്രേറ്റ് കാര്‍ത്തിക പ്രസാദ് ആറുമാസം വീതം തടവിനും 5000 രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചത്. 2012 സെപ്റ്റംബര്‍ 15ന് ഇടയാറന്‍മുള മലയില്‍ പറമ്പില്‍ വീട്ടില്‍ സരളയെയും കുടുംബാംഗങ്ങളെയും വീട്ടില്‍ കയറി പ്രതികള്‍ വെട്ടിപരിക്കേല്‍പ്പിച്ചതായാണ് കേസ്.
പ്രതികളുടെ നിലവിലെ പ്രായം കണക്കാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളും സരളയുടെ വീട്ടുകാരുമായി വസ്തു സംബന്ധമായ തര്‍ക്കം നിലവിലുണ്ടായിരുന്നു. സംഭവദിവസം പ്രതികള്‍ മക്കളായ സുധീഷ് കുമാറിനും സനല്‍ കുമാറിനുമൊപ്പം സരളയുടെ വസ്തുവില്‍ അതിക്രമിച്ചു കയറി.തുടര്‍ന്ന് മകന്‍ ദീപുവിനെ ആക്രമിക്കുകയായിരുന്നു. ഇതുകണ്ട് സരള തടയാന്‍ ശ്രമിച്ചപ്പോള്‍ തലയില്‍ കത്തികൊണ്ട് വെട്ടുകയും ഭര്‍ത്താവിനെയും മക്കളെയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. കേസിലെ മൂന്നും നാലും പ്രതികള്‍ വിചാരണ വേളയില്‍ ഒളിവില്‍ പോയി.