അടൂർ: കടമ്പനാട് ഗ്രാമപഞ്ചായത്ത് നേടിയെടുക്കാന്‍ വാശിയേറിയ പോരാട്ടത്തിലാണ് ഇടത് – വലത് മുന്നണികള്‍ . പഞ്ചായത്തിന്റെ ഭരണ ചരിത്രത്തെക്കുറിച്ച് പറഞ്ഞാല്‍ ഓരോ തവണയും എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിക്കുന്ന കേരള സംസ്ഥാനത്തിന്റെ മാതൃക തന്നെയാണ് ഇവിടെയും.
1995ലെ പ്രഥമ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നത് എൽ.ഡി.എഫ് ആയിരുന്നു. 2000ൽ യു.ഡി.എഫും 2005ൽ വീണ്ടും എൽ.ഡി.എഫും ഭൂരിപക്ഷം നേടി. 2010ലും 2011ലും യഥാക്രമം യു.ഡി.എഫും എൽ.ഡി.എഫും ഭരണത്തിന് നേതൃത്വം നൽകി. ഗ്രാമീണ പാതകളുടെ ശോച്യാവസ്ഥ, കുടിവെള്ള ക്ഷാമം, കളിക്കളം ഇല്ലായ്മ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന പ്രശ്നങ്ങൾ. ഗ്രാമീണ പാതകൾ നവീകരിക്കുകയും തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തുകയും കടമ്പനാട് സ്റ്റേഡിയം, ചന്ത, ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ, ഭൂരഹിതർക്ക് ഭൂമിയും വാസയോഗ്യമായ വീടും, ആരോഗ്യ-വിദ്യാഭ്യാസ കാർഷികമേഖല കുറ്റമറ്റതാക്കുക എന്നിവയാണ് യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും വാഗ്ദാനങ്ങൾ.
4, 7, 10, 14 വാർഡുകളിലാണ് ശക്തമായ മത്സരം നടക്കുന്നത്. നാലിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കോൺഗ്രസിലെ എം.ആർ. ജയപ്രസാദും സി.പി.ഐയിലെ പി. മോഹനൻ നായരുമാണ് ഏറ്റുമുട്ടുന്നത്. ഏഴാം വാർഡിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഉഷാ കുമാരിയും സി.പി.എമ്മിലെ പ്രസന്ന കുമാരിയും മത്സരിക്കുന്നു. 10ൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മാനാപ്പള്ളി മോഹനനും എ.ഐ.വൈ.എഫ് നേതാവ് അരുൺ കെ.എസ്. മണ്ണടിയുമാണ് ഏറ്റുമുട്ടുന്നത്.
16ൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സി.പി.എമ്മിലെ സുരേഷ് കുമാറും ഗ്രാമപഞ്ചായത്ത് അംഗം കോൺഗ്രസിലെ ജോസ് തോമസും നേർക്കുനേർ മത്സരിക്കുന്നു. മൂന്നാം വാർഡിൽ ഗ്രാമപഞ്ചായത്ത് മുൻ അംഗം കോൺഗ്രസിലെ കെ.ജി. ശിവദാസനും സി.പി.ഐയിലെ കെ. രാജേന്ദ്രൻപിള്ളയും മത്സരിക്കുന്നു. വനിത വാർഡുകളിൽ അഞ്ചിലാണ് കടുത്ത മത്സരം നടക്കുന്നത്. കോൺഗ്രസിലെ സുമ ബിജുവും എൽ.ഡി.എഫിലെ പ്രിയങ്ക പ്രതാപുമാണ് മത്സര രംഗത്തുള്ളത്. ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥി എന്ന പ്രത്യേകതയും പ്രിയങ്ക പ്രതാപിനുണ്ട്.
ഒമ്പത് കോൺഗ്രസ് സിറ്റിങ് സീറ്റ് ആണ്. മുസ്ലിംലീഗിന്റെ പൂർണ പിന്തുണയോടുകൂടിയാണ് ഇവിടെ ഇതുവരെയും കോൺഗ്രസ് തെരഞ്ഞെടുക്കപ്പെട്ടത്. പി.ഡി.പിയും എസ്.ഡി.പി.ഐയും മത്സരരംഗത്തുണ്ട്. 1, 2, 3, 5, 10, 11, 13, 16, 17 വാർഡുകളിൽ ത്രികോണ മത്സരമാണ്. യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികൾ മാത്രമാണ് ഇവിടങ്ങളിൽ മത്സര രംഗത്തുള്ളത്.
ആകെ 17 വാർഡാണുള്ളത്. 2015ൽ കോൺഗ്രസ് -ഏഴ്, സി.പി.എം -ആറ്, സി.പി.ഐ -മൂന്ന്, സി.പി.എം വിമത -ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.