തിരുവനന്തപുരം :13 ജില്ലാ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ച് രൂപവത്‌കരിച്ച കേരള ബാങ്കിന്റെ ഭരണസമിതി തെരഞ്ഞെടുപ്പ് 26-ന് നടക്കും. പത്ത് ജില്ലകളിൽ മാത്രമാണ് തെരഞ്ഞെടുപ്പ്. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിച്ചിട്ടില്ല. പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ പ്രതിനിധികളെ എതിരില്ലാതെ തെരഞ്ഞെടുത്തതുകൊണ്ടാണ് അവിടങ്ങളിൽ മത്സരം ഒഴിവായത്.
പത്തനംതിട്ട, എറണാകുളം ജില്ലകൾ വനിതാ സംവരണവും കോഴിക്കോട് പട്ടികജാതി-പട്ടിക വർഗ സംവരണവുമാണ്. പത്തനംതിട്ടയിൽനിന്ന് എസ്.നിർമലാദേവിയും എറണാകുളത്തുനിന്ന് അഡ്വ. പുഷ്പദാസും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോടുനിന്ന് ഇ.രമേശ് ബാബുവിനും എതിരില്ലായിരുന്നു. വനിതാ സംവരണമായ കണ്ണൂർ ജില്ലയിൽ രണ്ടു പേരാണ് മത്സരിക്കുന്നത്. കെ.ജി.വത്സലകുമാരിയും കെ.സുലോചനയും. അർബൻ സഹകരണബാങ്ക് പ്രതിനിധി മണ്ഡലത്തിൽനിന്ന് മൂന്നുപേരാണ് മത്സരിക്കുന്നത്. മുൻ എം.എൽ.എ. മാരായ ഇ.എം.അഗസ്തി, ഗോപി കോട്ടമുറിക്കൽ എന്നിവരും കെ.കരുണാകരൻ നമ്പ്യാരുമാണ് മത്സരരംഗത്തുള്ളത്.
തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ മൂന്നുപേർ വീതവും കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ രണ്ടുപേർ വീതവുമാണ് ജനറൽ മണ്ഡലത്തിൽ മത്സര രംഗത്തുള്ളത്. 1557 വോട്ടർമാരാണ് ഉള്ളത്. ജില്ലാ ആസ്ഥാനങ്ങളിൽവച്ചാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പുറമെ സർക്കാർ നോമിനികളും അടങ്ങിയതായിരിക്കും ഭരണ സമിതി. 26-ന് സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നടക്കുന്നതിനാൽ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് കോൺഗ്രസ് അനുകൂല സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.