കോന്നി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും രാജിവെച്ച കോന്നിയൂർ പി.കെ. കോന്നി ജില്ലാ പഞ്ചായത്ത് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായായേക്കും. സിപിഐയിൽ ചേർന്ന് എൽഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന. സിപിഐയിൽ ചേരുന്നതുമായി ബന്ധപ്പെട്ടു തീരുമാനമെടുത്തിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ കോന്നിയൂർ പി.കെയുടെ പഴയ തട്ടകമാണ് സിപിഐ.
മുമ്പ് പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ സിപിഐ വിട്ട കോന്നിയൂർ പി.കെ. ഇന്നിപ്പോൾ ജില്ലാ പഞ്ചായത്ത് സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കോണ്‍ഗ്രസിനോടു വിടപറഞ്ഞത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചുവന്ന അദ്ദേഹം ഡിസിസി ജനറൽ സെക്രട്ടറിയുമായും ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സാംബവ മഹാസഭ നേതാവു കൂടിയാണ്. തെരഞ്ഞെടുപ്പിൽ സാംബവ മഹാസഭയുടെ നിലപാടും ഇന്നു വ്യക്തമാക്കപ്പെടും.
സംവരണ മണ്ഡലമായ കോന്നിയിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ആകാൻ കോന്നിയൂർ പി.കെ. താൽപര്യം പ്രകടിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം പുതുമുഖത്തെ പരിഗണിക്കാൻ ആലോചിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സമ്മർദവും ഇതിനു പിന്നിലുണ്ടായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ അടക്കം കോന്നി സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്നു.
സമീപകാലത്ത് എൽഡിഎഫിനോടു കോന്നിയൂർ പി.കെ. സ്വീകരിച്ച നയസമീപനവും കോണ്‍ഗ്രസിൽ ചർച്ചയായി. ഇതു സീറ്റ് നിഷേധത്തിലേക്കു നയിച്ചേക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം രാജിവെച്ചത്. ജില്ലാ പഞ്ചായത്തിൽ സംവരണ മണ്ഡലമായ കോന്നിയും നിയമസഭ തെരഞ്ഞെടുപ്പിൽ അടൂർ മണ്ഡലവും സിപിഐയുടേതാണ്. കോന്നിയൂർ പി.കെയെ സജീവമായി രണ്ടിടങ്ങളിലും പരിഗണിച്ചേക്കുമെന്നാണ് സൂചന.