കോന്നി: പുലർകാലത്ത് പത്രവിതരണവുമായി വീട്ടുമുറ്റത്തെത്തുന്ന മൂന്നുപേർ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നു. പത്രവിതരണത്തിലൂടെ നേടിയെടുത്ത പൊതുജനബന്ധം വോട്ടാക്കി മാറ്റാൻ കഴിയുമെന്നാണ് ഇവരുടെ വിശ്വാസം.
കോന്നി പഞ്ചായത്തിലെ പത്താംവാർഡായ മുരിങ്ങമംഗലത്ത് എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കുന്നത് എം.എസ്.ഗോപിനാഥൻ മാതൃഭൂമിയുടെ കുമ്മണ്ണൂർ ഏജന്റാണ്. പത്താം വാർഡിൽനിന്ന് മുമ്പ് രണ്ടുതവണ ജയിച്ചിട്ടുണ്ട്. മൂന്നാംപ്രാവശ്യമാണ് മത്സരിക്കുന്നത്. നിലവിലെ പഞ്ചായത്തംഗം യു.ഡി.എഫിലെ സുലേഖാ വി.നായരും എൻ.ഡി.എ.യിലെ ഹരിദാസുമാണ് എതിരാളികൾ. ഇരുപത്തിമൂന്നു വർഷമായി പത്ര ഏജൻറാണ് ഗോപിനാഥൻ.
കോന്നി പഞ്ചായത്തിലെ കോന്നിതാഴം ഡിവിഷനിൽനിന്ന് എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ വെട്ടൂർ പത്രവിതരണക്കാരനാണ്. മാതൃഭൂമി കിഴക്കുപുറം ഏജന്റിന്റെ പത്രവും വിതരണം ചെയ്‌തിരുന്നത് രാഹുലാണ്. 22 വയസ്സുകാരനായ രാഹുൽ ഹയർ സെക്കൻഡറിയും ഐ.ടി.ഐ. യും പാസായശേഷം ബിരുദ പഠനത്തിന് തയ്യാറെടുത്തിരിക്കുകയാണ്. മുട്ടുമണ്ണിൽ രാധാകൃഷ്ണന്റെയും സുമയുടെയും മകനാണ്.
പത്തനംതിട്ട നഗരസഭയിലെ തുണ്ടമൺകര 19-ാംവാർഡിൽ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിക്കുന്ന രാജിത് കുമാർ അവിടത്തെ മാതൃഭൂമി ഏജന്റാണ്. എം.എ. ബിരുദധാരിയായ രാജിത് കുമാർ മലയാളം അധ്യാപകൻ കൂടിയാണ്. പത്ര വിതരണത്തിനു പുറമേ പച്ചക്കറി, പലവ്യഞ്ജനം എന്നിവ വീടുകളിൽ എത്തിച്ചുകൊടുക്കുന്നുമുണ്ട് ഇദ്ദേഹം. അതിനാല്‍ മികച്ച വിജയ പ്രതീക്ഷയിലാണ് മൂവരും.