കോന്നി : മണ്ഡലകാലം ആരംഭിച്ചിട്ടും കോന്നിയിൽ അയ്യപ്പ ഭക്തരുടെ തിരക്ക് ഇക്കുറിയില്ല. പ്രധാന ഇടത്താവളങ്ങളിൽ ഒന്നായ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും ഇത്തവണ അയ്യപ്പ ഭക്തരുടെ തിരക്ക് നന്നേ കുറഞ്ഞിട്ടുണ്ട്.
മുൻ വർഷങ്ങളിൽ തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും അയ്യപ്പന്മാർ വലിയ ബസുകളിൽ എത്തി കോന്നിയിലെ ശബരിമല ഇടത്താവളത്തിലും വിശ്രമിക്കുന്നതും കാൽ നടയായി നടന്നുനീങ്ങുന്നതും സാധാരണ കാഴ്ചയായിരുന്നു. എന്നാൽ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് അയ്യപ്പ ഭക്തരുടെ തിരക്ക് കുറഞ്ഞത് കോന്നിയെയും സാരമായി ബാധിച്ചു.
അയ്യപ്പ ഭക്തരുടെ വരവ് കുറഞ്ഞത് വ്യാപാരമേഖലയെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. തണ്ണിത്തോട് ചിറ്റാർ വഴി കാൽനടയായി കിലോമീറ്ററുകളോളം യാത്ര ചെയ്യുന്ന അയ്യപ്പഭക്തര്‍ കോന്നിയിലെ സ്ഥിരം കാഴ്ചയായിരുന്നു. ഇവർക്ക് വേണ്ടി വനഭാഗത്ത് ഉൾപ്പെടെ വേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ എല്ലാ വർഷവും അധികൃതർ പ്രത്യേക ശ്രദ്ധ പുലർത്താറുമുണ്ട്. എന്നാൽ ഇത്തവണ കാൽനടയായി എത്തുന്ന അയ്യപ്പ ഭക്തരും വളരെ അധികം കുറഞ്ഞിട്ടുണ്ട്.