കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കലിൽ വൈദ്യുതിമുടങ്ങിയാൽ മൊബൈൽ ടവറുകൾ പണിമുടക്കുന്നത് പതിവാകുന്നതായി നാട്ടുകാരുടെ പരാതി. കറണ്ടുപോയിട്ടുവന്നതിന് ശേഷമാണ് മൊബൈൽ സിഗ്നൽ തകരാറിലാകുന്നത്.
ഐഡിയ, വൊഡാഫോൺ, ബി എസ് എൻ എൽ തുടങ്ങിയ സിമ്മുകളാണ് കൂടുതലും ആളുകൾ ഉപയോഗിക്കുന്നത്. എലിമുള്ളുംപ്ലാക്കലിൽ നിന്നും ആവോലികുഴി ഭാഗത്തേക്ക് പോകുന്ന റോഡിലാണ് മൊബൈൽ ടവർ സ്ഥാപിച്ചിരിക്കുന്നത്. രാത്രികാലങ്ങളിലുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് ശേഷമാണ് കൂടുതലും സിഗ്‌നൽ ലഭിക്കാത്തതെന്ന് നാട്ടുകാർ പറയുന്നു.
മൊബൈൽ ടവറുകളിലെ തകരാറാകാം ഇതിനുകാരണം എന്നും ജനങ്ങൾ ആരോപിക്കുന്നു. നിരവധി തവണ നാട്ടുകാർ അധികൃതരോട് പരാതിപ്പെട്ടിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു. മൊബൈൽ ഇന്റർനെറ്റ് സംവിധാനങ്ങളും തകാറിലാകുന്നുണ്ട്. ഇത് ഓൺലൈൻ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ പഠനത്തെയും സാരമായി ബാധിക്കുന്നുണ്ട്. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടു.