കോട്ടാങ്ങൽ : ചാലാപ്പള്ളി – കോട്ടാങ്ങൽ ബാസ്റ്റോ റോഡ് രണ്ടാം ഭാഗം, കോട്ടാങ്ങൽ – പാടിമൺ ജേക്കബ്സ് റോഡു പണികളിൽ അഴിമതി നടന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. പ്രധാനമായും കോട്ടാങ്ങൽ പഞ്ചായത്തിലെ പൊതുമരാമത്ത് വകുപ്പിന്‍റെ കിഴിലുള്ള റോഡുകൾ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 38 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവൃത്തികൾ റോഡ് നവീകരണവുമായി ബന്ധപ്പെടുത്തി സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പൊതുജനത്തിനും വ്യാപാരികൾക്കും റോഡ് നിർമാണം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ടാറിംഗ് പൂർണമായെങ്കിലും വശങ്ങൾ കോൺക്രീറ്റ് ചെയ്യാത്തതാണ് പ്രധാന പ്രശ്നം. പല ഭാഗങ്ങളിലും വീതി കൃത്യമായി എടുത്തിട്ടില്ല. വശങ്ങൾ കുഴിഞ്ഞു കിടക്കുന്നതു കാരണം ചുങ്കപ്പാറ ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ടാക്സി, ഓട്ടോറിക്ഷ വാഹനങ്ങൾ അടുപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
റോഡ് പണി ആരംഭിച്ചിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ജോലികൾ പൂർത്തിയായിട്ടില്ല.
പണികളിലെ കാര്യക്ഷമതയില്ലായ്മയും ഉദ്യോഗസ്ഥരിൽ ചിലരുടെ സ്വാർത്ഥ താത്പര്യങ്ങളുമാണ് ഇത്തരമൊരു അവസ്ഥയ്ക്കു കാരണമെന്നും പരാതി ഉയർന്നു. റോഡ് പണിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ചാലാപ്പള്ളി – പെരുമ്പെട്ടി – കോട്ടാങ്ങൽ – വായ്പ്പര് – പാടിമൺ നിവാസികൾ.