കോഴഞ്ചേരി: ഭരണസ്ഥിരതയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് കോയിപ്രത്തെ എല്‍ഡിഎഫും യുഡിഎഫും. നിര്‍ണായകശക്തിയാകാനുള്ള ശ്രമത്തിലാണ് ബിജെപി. കഴിഞ്ഞതവണ ഉണ്ടായ അനിശ്ചിതത്വം ഇത്തവണ ആവര്‍ത്തിക്കാതിരിക്കാന്‍ വ്യ്ക്തമായ ഭൂരിപക്ഷം ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് നടക്കുന്നത്. എല്ലാവാര്‍ഡുകളിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. രണ്ടു വാര്‍ഡുകളില്‍ എല്‍ഡിഎഫിനും മറ്റു ചില വാര്‍ഡുകളില്‍ യുഡിഎഫിനും വിമതഭീഷണിയുണ്ട്. ഭരണം അഞ്ചുവര്‍ഷവും തുടര്‍ന്ന യുഡിഎഫിന് അവരുടെ നേട്ടങ്ങള്‍ വിവരിക്കാനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കടക്കം പ്രാധാന്യം നല്‍കിയാണ് എല്‍ഡിഎഫ് പോരാട്ടം.
ഒന്നാംവാര്‍ഡായ കുമ്പനാട് വടക്ക് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മോന്‍സി കിഴക്കേടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായും മുന്‍ പഞ്ചായത്തംഗം സണ്ണി ചിറ്റേഴത്താണ് എല്‍ഡിഎഫ് സ്വതന്ത്രനായും മത്സരിക്കുന്നു. സണ്ണിയുടെ ഭാര്യ കഴിഞ്ഞ ഭരണസമിതിയില്‍ അംഗമായിരുന്നു. രണ്ടാം വാര്‍ഡായ ഐരാക്കാവ് വനിതാസംവരണ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ഥികളായി സഹോദരഭാര്യമാരാണ് മത്സരിക്കുന്നത്. എല്‍ഡിഎഫ് സ്വതന്ത്രയായി മറിയാമ്മ ചെറിയാനും യുഡിഎഫ് സ്ഥാനാര്‍ഥിയായി സീന വര്‍ഗീസുമാണ് മത്സരിക്കുന്നത്.
മുന്‍ പഞ്ചായത്ത് മെംബര്‍മാരാണ് കാഞ്ഞിരപ്പാറ വാര്‍ഡില്‍ മത്സരിക്കുന്നത്. മുന്‍ മെംബര്‍മാരായ ജോസ് കെ. ജോയി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും അജിത് പുല്ലാട് എന്‍ഡിഎ സ്ഥാനാര്‍ഥിയായും ജോണ്സണ് തോമസ് യുഡിഎഫ് സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. വനിതാ സംവരണ വാര്‍ഡായ കുറവന്‍കുഴിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നിലവിലെ മെംബര്‍ റെജി രാജു കുഴിക്കാല വീണ്ടും ജനവിധി തേടുന്നു. യുഡിഎഫിലെ സൂസനാണ് എതിര് സ്ഥാനാര്‍ഥി. സിഎംപി സി. പി. ജോണ്‍ വിഭാഗത്തിലെ തങ്കമ്മ രാജനും ബിജെപിയിലെ സന്ധ്യാപ്രമോദും മത്സരരംഗത്തുണ്ട്.
പുല്ലാട് കിഴക്ക് വാര്‍ഡില്‍ മുന്‍ മെംബര്‍ പി.ജി. അനില്‍കുമാര്‍ (യുഡിഎഫ്) പി.ഉണ്ണിക്കൃഷ്ണന് (എന്‍ഡിഎ), കെ.ജി. രാജേന്ദ്രന് നായര്‍ (എല്‍ഡിഎഫ്)ഉള്‍പ്പെടെ ഏഴ് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.
വനിതാ സംവരണ മണ്ഡലമായ പുല്ലാട് വാര്‍ഡില്‍ ബിജെപിയിലെ ശോഭന സുരേഷും യുഡിഎഫിലെ സിന്ധു ലക്ഷ്മിയും മത്സരിക്കുന്നു. കേരള കോണ്‍ഗ്രസ് – എം ജോസ് വിഭാഗത്തിലെ അച്ചാമ്മ തോമസ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ശക്തമായ മത്സരം നടക്കുന്ന മറ്റൊരു വനിതാസംവരണ മണ്ഡലമായ ഏഴാം വാര്‍ഡില്‍ യുഡിഎഫിലെ ആര്. ജയ, എല്‍ഡിഎഫിലെ കേരളകോണ്‍ഗ്രസ് -എം ജോസ് വിഭാഗത്തിലെ സോണി കുന്നപ്പുഴയും ബിജെപിയിലെ പ്രസന്ന അശോകും മത്സരിക്കുന്നു. പട്ടികജാതി സംവരണ മണ്ഡലമായ വരയന്നൂര്വാര്ഡില് ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. സിപിഎമ്മിലെ അഡ്വ. സന്ധ്യ ടി. വാസുവും കോണ്‍ഗ്രസിലെ ആശ സി. റ്റിയും ബിജെപിയിലെ എം. റ്റി. രാമചന്ദ്രനും മത്സരിക്കുന്നു.
സിപിഎം, സിപിഐ പോരു നടക്കുന്ന ഒമ്പതാം വാര്‍ഡായ പൂവത്തൂരില്‍ സി. എസ്. വിജയകുമാര്‍ (സിപിഎം) ബാബു വടക്കേതില്‍ (യുഡിഎഫ്) എന്നിവര്‍ മത്സരിക്കുന്നു. സിപിഐയിലെ കെ. ആര്. ഹരികുമാര്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ ജനവിധി തേടുന്നുമുണ്ട്. പത്താംവാര്‍ഡായ കടപ്രയില്‍ എബി മണ്ണാരേത്താണ് യുഡിഎഫ് സ്ഥാനാര്‍ഥി. പൊന്നപ്പന്പിള്ളയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 11-ാം വാര്‍ഡായ നെല്ലിക്കല്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണക്കുറുപ്പ് (യുഡിഎഫ്) മുന്‍ പഞ്ചായത്ത് മെമ്പറും വിമുക്ത ഭടനുമായ രവി ആര്. നായര്‍ (എല്‍ഡിഎഫ്) മത്സരിക്കുന്നു. എന്‍ഡിഎയിലെ എം. കെ. ഓമനക്കുട്ടന് നായരും മത്സരരംഗത്തുണ്ട്. 12-ാം വാര്‍ഡായ കോയിപ്രം വനിതാസംവരണ മണ്ഡലത്തില്‍ എല്‍ഡിഎഫിലെ ഉഷാ രാജുവും യുഡിഎഫിലെ ഏലിയാമ്മ കെ. ഈശോ കുറ്റിക്കാടും മത്സരിക്കുന്നു. നളിനകുമാരി ബിജെപി സ്ഥാനാര്‍ഥിയാണ്.
വനിതാസംവരണ മണ്ഡലമായ 13-ാം വാര്‍ഡില്‍ മറിയാമ്മ എല്‍ഡിഎഫ് സ്വതന്ത്രയായും രജനി രാജന് വള്ളിയില്‍ (യുഡിഎഫ് ) വസന്ത എന്‍ഡിഎ സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. തട്ടക്കാട് കിഴക്ക് ജനറല്‍ വാര്‍ഡില്‍ മുന്‍ മെംബര്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജോളി മാത്യൂ കുളത്തിങ്കല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായും മുന്‍ പഞ്ചായത്തംഗവും സിപിഎം ഏരിയാ കമ്മറ്റിയംഗം ബിജു വര്‍ക്കിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. മുന്‍ സിപിഎം അംഗം ടൈറ്റസ് ചാക്കോ സ്വതന്ത്രനായും മത്സരിക്കുന്നുണ്ട്. വനിതാ സംവരണ മണ്ഡലമായ 15-ാം വാര്‍ഡ് മുട്ടുമണ്ണില്‍ (യുഡിഎഫ്) ആന്‍ മണിയാറ്റും (എല്‍ഡിഎഫ് ) മുന്‍ പഞ്ചായത്തംഗം ജയ ദേവദാസ്, സുരമ്യ ആര്. (ബിജെപി), രേവതി ശശി (സ്വത) എന്നിവര്‍ മത്സരരംഗത്തുണ്ട്.
16-ാം വാര്‍ഡില്‍ മുന്‍ പഞ്ചായത്തംഗം സുജാത പി. പി. (യുഡിഎഫ്), കെ. രജിത (എല്‍ഡിഎഫ്) എന്നിവര്‍ മത്സരിക്കുന്നു. 17-ാം വാര്‍ഡായ നെല്ലിമലയില്‍ എല്‍ഡിഎഫിലെ ആനി വര്‍ഗീസും മുന്‍ പഞ്ചായത്തംഗം യുഡിഎഫിലെ പി. എം. റോസയും എന്‍ഡിഎയിലെ ഓമന പി. എസും തമ്മിലാണ് പ്രധാന മത്സരം.