കോഴഞ്ചേരി: കോഴഞ്ചേരി പഞ്ചായത്തിൽ സി.പിഎമ്മുമായി പിണങ്ങിയ സി.പി.ഐ ഒറ്റക്ക് മത്സരിക്കാൻ നീക്കം. ജില്ലതലത്തിൽവരെ നടന്ന തർക്കപരിഹാര ശ്രമങ്ങളെല്ലാം പാളിയതോടെയാണ് സി.പി.ഐ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. സീറ്റ് വിഭജനത്തിലുണ്ടായ തർക്കം പരിഹരിക്കാനാകാതെ വന്നതോടെയാണ് ഒറ്റയാൾ പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. ജില്ലതല നേതാക്കൾ പ്രശ്ന പരിഹാരത്തിനു ശ്രമിച്ചെങ്കിലും പ്രാദേശിക നേതാക്കൾ വഴങ്ങാതിരുന്നതാണ് ഒരേ മുന്നണിയിലെ പാർട്ടികൾ തമ്മിൽ മത്സരത്തിനു വഴിയൊരുങ്ങിയത്.
മുന്നണിയിലെ രണ്ടാം കക്ഷിയായ തങ്ങൾക്ക് വിജയസാധ്യത കുറഞ്ഞ സീറ്റുകൾ നൽകിയതും നാല് സീറ്റെന്ന ആവശ്യം സി.പി.എം നേതൃത്വം നിരാകരിച്ചതുമാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. ആകെ 13 വാർഡുള്ള പഞ്ചായത്തിൽ സി.പി.എം -അഞ്ച്, സി.പി.ഐ -മൂന്ന് കേരള കോൺഗ്രസ് -രണ്ട്, എൻ.സി.പി, സി.പി.ഐ (എം.എൽ റെഡ് ഫ്ലാഗ്), ജനതാദൾ തുടങ്ങിയ പാർട്ടികൾക്ക് ഓരോ സീറ്റുകളുമാണ് നിശ്ചയിച്ചിരുന്നത്. സീറ്റ് വിഭജനത്തിൽ തൃപ്തരാകാത്ത സി.പി.ഐ ഒരു സീറ്റുകൂടി ആവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക് കാരണമായതെന്നാണ് സി.പി.എം നൽകുന്ന വിശദീകരണം. സംസ്ഥാന കമ്മിറ്റിയുടെ അനുമതി വാങ്ങിയാണ് തങ്ങൾ ഒറ്റക്ക് മത്സരിക്കുന്നതെന്ന് സി.പി.ഐ നേതാക്കൾ പറയുന്നുണ്ടെങ്കിലും എൽ.ഡി.എഫ് നേതൃത്വത്തിനു പരാതി നൽകാനാണ് മറ്റ് ഘടക കക്ഷികളുടെ തീരുമാനം.