പത്തനംതിട്ട : ഡീലക്സും സൂപ്പർ ഫാസ്റ്റും ഉൾപ്പെടെ ജില്ലയിൽ മാത്രം 134 കെഎസ്ആർടിസി ബസുകൾ നിരത്തിൽ ഇറക്കാൻ കഴിയാത്ത സ്ഥിതിയിൽ. കെഎസ്ആർടിസിയും പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുമായി ഉണ്ടായിരുന്ന കരാർ കാലാവധി ലോക്ഡൗൺ കാലത്താണ് തീർന്നത്. കോവിഡ് പ്രതിസന്ധിയിൽ വരുമാനം തീരെ ഇല്ലാതായതോടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ തന്നെ ബുദ്ധിമുട്ടുകയാണ്. അതിനാൽ ഇൻഷുറൻസ് പുതുക്കാൻ കഴിഞ്ഞിട്ടില്ല. സിഎംഡി ബിജു പ്രഭാകരന്റെ നേതൃത്വത്തിൽ ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തിയെങ്കിലും തുടർ നടപടികളായിട്ടില്ല.
ഇൻഷുറൻസ് ഇല്ലാത്ത ബസുകളുടെ ഡിപ്പോ തിരിച്ചുള്ള കണക്ക്: പത്തനംതിട്ട 35, അടൂർ 34, പന്തളം 8. തിരുവല്ല 32, റാന്നി 7, മല്ലപ്പള്ളി 18, കോന്നി 5. ജില്ലയിലേക്ക് കൂടുതൽ സർവീസ് നടത്തി വന്ന സമീപ ഡിപ്പോകളായ എരുമേലി 22, പുനലൂർ 28, പൊൻകുന്നം 30, പത്തനാപുരം 18 ബസുകളും ഇൻഷുറൻസ് ഇല്ലാതെ കയറ്റിയിട്ടിരിക്കുകയാണ്. പത്തനംതിട്ട ഡിപ്പോയിൽ 2 ഡീലക്സ് ബസുകളുടെ ഇൻഷുറൻസ് തീർന്നതിനാൽ പകരം എറണാകുളത്തു നിന്നു ബസ് എത്തിച്ചാണ് ബെംഗളൂരു, മൈസൂരു സർവീസുകൾ നടത്തുന്നത്. ഇവിടെ കൂടാതെ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളും ഇൻഷുറൻസ് ഇല്ലാത്തതിനാൽ മാസങ്ങളായി കയറ്റിയിട്ടിരിക്കുകയാണ്. അടൂരിൽ 2 ഡീലക്സ്, 6സൂപ്പർ ഫാസ്റ്റ്, 10 ഫാസ്റ്റ് പാസഞ്ചർ, 14 ഓർഡിനറി എന്നീ ബസുകൾ ഇൻഷുറൻസ് പുതുക്കാത്തതിനാൽ ഒടിക്കുന്നില്ല.
മല്ലപ്പള്ളിയിൽ ആകെയുളള 32 ബസുകളിൽ 14 എണ്ണത്തിനു മാത്രമേ ഇൻഷുറൻസ് ഉള്ളു, 18 എണ്ണം മാറ്റിയിട്ടിരിക്കുകയാണ്. തിരുവല്ലയിലെ സ്ഥിതിയും ഇതുതന്നെ. പന്തളം, റാന്നി, കോന്നി ഓപ്പറേറ്റിങ് സെന്ററുകളിൽ ഇൻഷുറൻസ് ഇല്ലാത്ത ബസുകൾ നിരന്നു കിടപ്പുണ്ട്. ചാലക്കുടിയിൽ സെപ്റ്റംബർ 13ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഇൻഷുറൻസ് ഇല്ലാത്ത ബസ് ആയതിനാൽ ഡ്രൈവറിൽ നിന്നു നഷ്ടപരിഹാരമായി 13,800 രൂപ ഈടാക്കാൻ കെഎസ്ഇബി നടപടി സ്വീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ഇത്തരം ബസുകൾ സർവീസിന് അയയ്ക്കാതെ മാറ്റിയിട്ടിരിക്കുന്നത്