പത്തനംതിട്ട : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ സീനിയർ ഡ്രൈവർക്കും കോന്നി, ചിറ്റാര്‍ സ്റ്റേഷനിലെ ഒരോ പോലീസുകാര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് കൂടുതല്‍ ആശങ്കക്ക് ഇടനല്‍കുന്നു.
വെള്ളിയാഴ്ച വരെ ജോലിക്ക് എത്തിയിരുന്ന ആളാണ് കെ.എസ്.ആർ.ടി.സി. ഡ്രൈവര്‍. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. കോന്നിയിലെ പോലീസുകാരന്‍ പത്തനംതിട്ട ആര്‍.ടി.ഓഫീസ് ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ കോന്നി ഓഫീസ് ഉത്ഘാടനത്തിന് എത്തിയപ്പോഴാണ് കോന്നിയിലെ പോലീസുകാരന് രോഗം പകര്‍ന്നത്. ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വടശ്ശേരിക്കര സ്വദേശിയായ യുവാവിന് ആന്റിജന്‍ ടെസ്റ്റിലൂടെയാണ് രോഗം കണ്ടുപിടിച്ചത്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമായിട്ടില്ല. ജില്ലയിലെ സ്ഥിതി അനുദിനം വഷളാകുന്ന സാഹചര്യമാണ് ഇപ്പോള്‍ കണ്ടുവരുന്നത്.