കുളനട :ഈ തെരഞ്ഞെടുപ്പില്‍ ഏവരും ഒരുപോലെ ഉറ്റുനോക്കുന്ന മത്സരമാണ് കുളനടയിലേത് . ജില്ലാ പഞ്ചായത്ത് കുളനട മണ്ഡലത്തിൽ ഇത്തവണ അട്ടിമറി സാധ്യതകൾ തള്ളിക്കളയാനാകില്ല എന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ജില്ലാ പ്രസിഡന്റിനെ തന്നെയാണ് ഇവിടെ ബി.ജെ.പി അങ്കത്തട്ടില്‍ ഇറക്കിയിരിക്കുന്നത്. മണ്ഡലത്തിലെ മത്സരം സംസ്ഥാനാടിസ്ഥാനത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
കോണ്‍ഗ്രസിലെ ജി. രഘുനാഥ്, സിപിഎമ്മിലെ ആർ. അജയകുമാർ, ബിജെപിയിലെ അശോകൻ കുളനട, ജനപക്ഷം പിന്തുണയിൽ അലക്സാണ്ടർ കാക്കനാട് എന്നിവരാണ് സ്ഥാനാർഥികൾ.
ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽവന്ന 1995 മുതൽ കുളനട കേന്ദ്രമാക്കി ഒരു ജില്ലാ പഞ്ചായത്ത് മണ്ഡലം നിലവിലുണ്ട്. 1995, 2000 തെരഞ്ഞെടുപ്പുകളിൽ എൻഎസ്എസ് നേതാവും അന്നത്തെ എൻഡിപി പ്രതിനിധിയുമായ പന്തളം ശിവൻകുട്ടി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2005ൽ മണ്ഡലത്തിന്റെ ചരിത്രം മാറി. കെ. കരുണാകരൻ രൂപീകരിച്ച ഡിഐസിയിൽ അംഗമായ ആശാ ബെൻ എൽഡിഎഫ് പിന്തുണയിൽ വിജയിച്ചു. 2010ൽ സിപിഎമ്മിലെ ആർ. അജയകുമാറാണ് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിലെ എ.ആർ. ബാലനായിരുന്നു എതിരാളി. 699 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് അജയകുമാർ വിജയിച്ചത്. വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് വീണ്ടും അദ്ദേഹത്തെ പാർട്ടി രംഗത്തിറക്കിയത്. കഴിഞ്ഞ തവണ വനിതാ സംവരണ മണ്ഡലത്തിൽ കോണ്‍ഗ്രസിലെ വിനീത അനിലാണ് വിജയിച്ചത്. 886 വോട്ടുകളായിരുന്നു ഭൂരിപക്ഷം. ആറന്മുള, കുളനട, മെഴുവേലി ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന മണ്ഡലത്തിൽ 70,000 ഓളം വോട്ടർമാരുണ്ടാകുമെന്ന് കണക്കാക്കുന്നു.
കഴിഞ്ഞ അഞ്ചുവർഷം ജില്ലാ പഞ്ചായത്ത് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് യുഡിഎഫിന്റെ തുറുപ്പുചീട്ട്. സംസ്ഥാന സർക്കാർ പദ്ധതികളിലൂടെയുള്ള വികസനം തന്നെ എൽഡിഎഫും ഉയർത്തിക്കാട്ടുന്നു. കേന്ദ്ര സർക്കാർ പദ്ധതികളും കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ഉണ്ടാക്കിയ നേട്ടങ്ങളും എണ്ണിപ്പറഞ്ഞാണ് ബിജെപിയുടെ പ്രചാരണം. രാഷ്ട്രീയ സാധ്യതകൾ മൂന്ന് മുന്നണികളും ഒരേപോലെ വിലയിരുത്തിയിട്ടുണ്ട്. അതിനാല്‍ മൂന്നു സ്ഥാനാർഥികളും തികഞ്ഞ വിജയപ്രതീക്ഷയിലാണ്.