പത്തനംതിട്ട : കോവിഡ് സമ്പർക്ക വ്യാപനത്തിൽ പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ ക്ലസ്റ്ററായി മാറിയിരിക്കുകയാണ് കുമ്പഴ. ഈ സാഹചര്യത്തിൽ ജില്ലയിലെ ജനങ്ങൾ അതീവ ജാഗ്രതയോടെ കഴിയണമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ജുലായ് മാസം ആദ്യം ഉറവിടം അറിയാത്ത 2 പോസിറ്റീവ് കേസുകളാണ് കുമ്പഴയിൽ ആദ്യം ഉണ്ടായത്. 20 ദിവസം പിന്നിട്ടപ്പോഴേക്കും 238 പേർ പോസിറ്റീവ് ആയി.ഇവരുടെ പ്രാഥമിക സമ്പർക്കത്തിൽ 567 പേരും രണ്ടാം സമ്പർക്കത്തിൽ 907 പേരും ഉണ്ട്. കുമ്പഴ, കുലശേഖരപതി, മദീന ജംക്‌ഷൻ, വലഞ്ചുഴി, കണ്ണങ്കര തുടങ്ങി നഗരസഭയുടെ പല വാർഡുകളിലേക്കും വ്യാപിച്ചു. കുമ്പഴ മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ട് മലയാലപ്പുഴ, ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകളിലേക്കും വ്യാപിച്ചു. അതിനാൽ അതിവ്യാപന മേഖലയായിട്ടാണു കുമ്പഴയെ ആരോഗ്യ വകുപ്പ് കണക്കാക്കിയിട്ടുള്ളത്.
പത്തനംതിട്ട ജില്ലയിലെ നഗരകാര്യ ചികിത്സാ കേന്ദ്രത്തിലും മൗണ്ട് ബഥനി സ്കൂളിലും റാപ്പിഡ് ടെസ്റ്റ് നടത്തി. ഇതിലൂടെയാണ് കൂടുതൽ പോസിറ്റീവ് കേസുകൾ കണ്ടെത്താനായത്. പോസിറ്റീവ് ആയിട്ടും ലക്ഷണം കാണിക്കാത്തവരാണ് ഇവിടെ ഏറെയും. ഇവരെ എല്ലാം പത്തനംതിട്ട ജനറൽ ആശുപത്രി, റാന്നി മേനാംതോട്ടം, പന്തളം അർച്ചന എന്നീ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലുമായിട്ടാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. നെഗറ്റീവായി ചിലർ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.
അതേസമയം ജനങ്ങൾ ഉപയോഗിച്ച മാസ്കുകൾ പൊതുനിരത്തിൽ വലിച്ചെറിയുന്നത് വ്യാപകമാകുന്നു. നഗരത്തിൽ റിങ് റോഡിൽ കല്ലറക്കടവ് ഭാഗത്ത് ആളുകൾ സഞ്ചരിക്കുന്ന പാതയിലും സമീപത്തെ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്തും ഒട്ടേറെ മുഖാവരങ്ങളാണ് വലിച്ചെറിഞ്ഞിരിക്കുന്നത്. നഗരത്തിൽ കോവിഡ് സമൂഹവ്യാപനം ശക്തമായ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും പലരും അനുസരിക്കുന്നില്ല എന്നാണ് പരാതി ഉയർന്നു വന്നിരിക്കുന്നത്.