മല്ലപ്പള്ളി: കോട്ടയം ജില്ലയോട് വടക്കുപടിഞ്ഞാറ് ഭാഗം അതിർത്തി പങ്കിടുന്ന പഞ്ചായത്താണ് കുന്നന്താനം. ഇതുവരെ ഇവിടെ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾക്ക് ഒരിക്കലും തുടർച്ചയായി ഭരണം ലഭിച്ചിട്ടില്ല. 15 അംഗ പഞ്ചായത്തിൽ 10 വാർഡ് നേടിയാണ് കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരണത്തിലെത്തിയത്.
ഇത്തവണ തുടർഭരണം നേടുകയാണ് എൽ.ഡി.എഫ് ലക്ഷ്യം. യോഗപരിശീലന പദ്ധതിയിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യയിലെ സമ്പൂർണ യോഗഗ്രാമമായി അറിയപ്പെട്ടു. ഹരിത മിഷൻെറ സഹകരണത്തോടെ തരിശുരഹിത ഗ്രാമം, ഹരിതസമൃദ്ധി വാർഡ് പദ്ധതികൾ നടപ്പാക്കി. ജില്ലയിലെ ആദ്യ തരിശുരഹിത ഗ്രാമമായും സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിതസമൃദ്ധി വാർഡ് പഞ്ചായത്തായും തെരഞ്ഞെടുത്തു. ഇത്തരത്തിലെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
എന്നാൽ, യഥാർഥത്തിൽ പഞ്ചായത്ത് വികസനത്തിൽ പിന്നോട്ടുപോവുകയായിരുവെന്ന് യു.ഡി.എഫ് ചൂണ്ടികാണിക്കുന്നു. എൽ.ഡി.എഫിൽ സി.പി.എം -ഏഴ്, സി.പി.ഐ -ഒന്ന്, എൻ.സി.പി -ഒന്ന്, ജനതാദൾ-എസ് -ഒന്ന്, യു.ഡി.എഫിൽ കോൺഗ്രസ് -മൂന്ന്, ബി.ജെ.പി -രണ്ട് എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില.