കോന്നി : ഇരുപത്തിയൊന്ന് വയസുപൂർത്തിയായി തൊട്ടടുത്ത ദിവസം നോമിനേഷൻ നൽകുന്ന കേരളത്തിലെ ആദ്യ സ്ഥാനാർത്ഥിയായി മാറുകയാണ് രേഷ്മ മറിയം റോയ്.
വോട്ടവകാശം പതിനെട്ടാണെങ്കിലും തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കണമെങ്കിൽ ഇരുപത്തിയൊന്ന് വയസുതികയണം. നവംബർ പതിനെട്ടാം തീയതിയാണ് രേഷ്മക്ക് ഇരുപത്തിയൊന്ന് വയസുപൂർത്തിയാകുന്നത്. നോമിനേഷൻ നൽകേണ്ട അവസാന തീയതിയായ പത്തൊൻപതിന് അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായിട്ടാണ് രേഷ്മ പത്രിക നൽകുന്നത്.
ഇത് വനിതാ സംവരണ വാർഡുമാണ്. ഡിഗ്രി പഠനകാലത്ത് എസ് എഫ് ഐ യിലൂടെയാണ് രേഷ്മ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിഅംഗം, എസ് എഫ് ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന രേഷ്മ കോവിഡ് വ്യാപന കാലത്ത് കോന്നി എം എൽ എ യുടെ കൈത്താങ് പദ്ധതിയുടെ ഭാഗമായി തേങ്ങാ തിരുമ്മി നൽകാൻ എം എൽ എ ഓഫീസിലേക്ക് സഹായം അഭ്യർത്ഥിച്ചു വിളിച്ച വീട്ടമ്മക്ക് തേങ്ങാ തിരുമ്മി നൽകിയത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയ് ടി മാത്യു, മിനി റോയ് ദമ്പതികളുടെ മകളാണ് രേഷ്മ.