പത്തനംതിട്ട: സ്ഥാനാർഥി നിർണയത്തിലെ കല്ലുകടി പൂർണമായി മാറിയിട്ടില്ലെങ്കിലും പ്രചാരണത്തിരക്കിലാണ് എല്ലാവരും. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും വോട്ടെടുപ്പ് അടുത്ത ചൊവ്വാഴ്ചയാണ്. ചുരുങ്ങിയ ദിവസങ്ങളിൽ പരമാവധി വോട്ടർമാരെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ. എന്നാൽ കോവിഡ് നിയന്ത്രണങ്ങളും ഭീഷണിയും പ്രവർത്തനങ്ങളിൽ വിലങ്ങുതടിയായുമുണ്ട്.
കൂട്ടംകൂടിയുള്ള പ്രചാരണം അടക്കം നിരോധിച്ചിട്ടുള്ളതിനാൽ ഭവന സന്ദർശനത്തിനാണ് ആദ്യഘട്ടത്തിൽ പ്രാധാന്യം നൽകിയിരുന്നത്. സ്ഥാനാർഥികളുടെ പര്യടന പരിപാടികൾക്കു തുടക്കമായി. ത്രിതല പഞ്ചായത്തുകളിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമവാർഡുകളിൽ മത്സരിക്കുന്നവർ ഒന്നിച്ചാണ് എത്തുന്നത്.
പ്രചാരണ വാഹനങ്ങളുടെ ഉപയോഗത്തിലും മറ്റും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പാലിക്കപ്പെടണമെന്നതിനാൽ പ്രചാരണങ്ങളിലും കുറവ് അനുഭവപ്പെടുന്നുണ്ട്. ഇതിനിടെ പ്രചാരണത്തിനൊപ്പമുണ്ടായിരുന്നവരിൽ പലർക്കും കോവിഡ് ബാധിച്ചതിന്റെ ആശങ്ക പല മേഖലകളിലുമുണ്ട്. പരമാവധി സാമൂഹിക അകലം പാലിച്ചുകൊണ്ട് പ്രചാരണം നടത്താനുള്ള നിർദേശമാണ് സ്ഥാനാർഥികൾക്കുള്ളത്.
ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾക്കാണ് സ്വീകരണ പരിപാടികൾ വിപുലമായിട്ടുള്ളത്. ശരാശരി 45 നും 50നും ഇടയ്ക്ക് ഗ്രാമപഞ്ചായത്ത് വാർഡുകൾ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിക്ക് എത്തേണ്ടതായുണ്ട്. 45000 നു മുകളിൽ വോട്ടർമാരാണ് മിക്ക മണ്ഡലത്തിലുമുള്ളത്. മൂന്നുദിവസങ്ങൾ വരെയാണ് ഓരോ സ്ഥാനാർഥിയും സ്വീകരണ പരിപാടിക്കായി ക്രമീകരിച്ചിട്ടുള്ളത്.