കൊറ്റനാട് : ഭൂരിപക്ഷം ഉണ്ടായിട്ടും ഭരണം ലഭിക്കാതെ പോയ യുഡിഎഫിന് കൊറ്റനാട് ഗ്രാമപഞ്ചായത്ത് ഭരണം ഇക്കുറി ലഭിച്ചേ തീരുവെന്ന വാശിയിലാണ്. എന്നാല്‍ ഭരണം തിരികെപിടിക്കാനുള്ള തന്ത്രങ്ങളുമായി എല്‍ഡിഎഫ് ശക്തമായ പോരാട്ടത്തിലും കഴിഞ്ഞതവണത്തേതിലും സീറ്റുകള്‍ വര്‍ധിപ്പിച്ച് ഭരണത്തോടടുക്കാമെന്ന പ്രതീക്ഷയില്‍ ബിജെപിയും. മൂന്ന് മുന്നണികളും പ്രതീക്ഷകള്‍ നിലനിര്‍ത്തുമ്പോഴും വിമതരും സ്വതന്ത്രരും വോട്ടുകള്‍ വീതിച്ചെടുക്കുമ്പോള്‍ പല വാര്‍ഡുകളിലും വിജയസാധ്യതയില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്കു ഭയമുണ്ട്.
2015ല്‍ 13 ല്‍ ഏഴു സീറ്റ് നേടി യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിട്ടും ഒരുദിവസം പോലും പ്രസിഡന്റ് സ്ഥാനത്ത് ഒരാളെ ഇരുത്താനായില്ല. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാകുകയും ആ സ്ഥാനത്തേക്ക് തങ്ങളുടെ ഒരാളെ വിജയിപ്പിച്ചെടുക്കാന്‍ കഴിയാതെ പോയതുമാണ് പ്രശ്നമായത്. എല്‍ഡിഎഫിനും ബിജെപിക്കും മൂന്നുവീതം അംഗങ്ങളാണ് കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയില്‍ ഉണ്ടായിരുന്നതെങ്കിലും യുഡിഎഫ് സഹായത്തോടെ നാലരവര്‍ഷവും സിപിഎമ്മിലെ എം.എസ്. സുജാത പ്രസിഡന്റായി. പിന്നീടുള്ള കാലയളവില്‍ ബിജെപിയിലെ ടി. സുധ നറുക്കെടുപ്പിലൂടെ പ്രസിഡന്റാകുകയും ചെയ്തു. മുന്‍ പ്രസിഡന്റുമാരായ മനോജ് ചരളേല്‍, എം.എസ്. സുജാത, ഉഷാ സുരേന്ദ്രനാഥ് എന്നിവര്‍ എല്‍ഡിഎഫ് നിരയില്‍ മത്സരരംഗത്തുണ്ട്. യുഡിഎഫ് പക്ഷത്തു കഴിഞ്ഞ കമ്മിറ്റിയിലെ വൈസ് പ്രസിഡന്റ് എം.ടി. മനോജ് മത്സരിക്കാനുണ്ട്
വനിതാ സംവരണ വാര്‍ഡുകളിലടക്കം സ്വതന്ത്രരുടെ രംഗപ്രവേശം പലയിടത്തും പ്രശ്നമായിട്ടുണ്ട്. യുഡിഎഫ് ധാരണകള്‍ ഉണ്ടാകാതെ പോയതും പല വാര്‍ഡുകളിലും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കവും പ്രശ്നമായിട്ടുണ്ട്. വിമതരുടെ രംഗപ്രവേശം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു ഭീഷണിയാണ്. മൂന്ന്, ഏഴ്, എട്ട്, ഒമ്പത് വാര്‍ഡുകളിലാണ് പ്രധാനമായും സ്വതന്ത്ര, വിമത ഭീഷണികള്‍ നിലനില്‍ക്കുന്നത്.
കൊറ്റനാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ ഔദ്യോഗിക കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിനോ അത്യാലിനെതിരെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സാജന് അത്യാല്‍ മത്സരരംഗത്തുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ കൂടി അവകാശപ്പെട്ടാണ് സാജന്റെ മത്സരം. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രകാശ് ചരളേലാണ് ചാലാപ്പള്ളി ഡിവിഷന് സ്ഥാനാര്‍ഥി. എല്‍ഡിഎഫില്‍ കൊറ്റനാട് ബ്ലോക്ക് ഡിവിഷനില്‍ ഈപ്പന് വര്‍ഗീസും ചാലാപ്പള്ളിയില്‍ പ്രിന്‍സ് കെ.രാജനുമാണ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്. പാര്‍ട്ടി ചിഹ്നമില്ലാതെ സ്വതന്ത്രരായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളേറെയും മത്സരിക്കുന്നത്. സിപിഎം, സിപിഐ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ ഒഴികെയുള്ളവര്‍ക്ക് കാര്‍ ചിഹ്നമാണ് നല്‍കിയിട്ടുള്ളത്.