പത്തനംതിട്ട: വോട്ടഭ്യര്‍ത്ഥനകള്‍ ഇപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ഇരുമുന്നണികളും ബിജെപിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചവരേറെയാണ്. പാര്‍ട്ടികളുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ മുതല്‍ സ്വതന്ത്രര്വരെ ഇക്കൂട്ടത്തിലുണ്ട്. സിറ്റിംഗ് മെംബര്‍മാര്‍ അടക്കം വാര്‍ഡുകള്‍ മാറി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു രംഗത്തിറങ്ങിക്കഴിഞ്ഞു.
ഡിസംബര്‍ എട്ടിനുള്ള ത്രിതല പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഇത്തവണ സമൂഹമാധ്യമങ്ങളിലൂടെയായിരിക്കും പ്രചാരണം കൊഴുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ ഇവ ഉണ്ടാകില്ല. ഭവന സന്ദര്‍ശനവും അഞ്ചുപേരിലൊതുക്കാനാണ് നിര്‍ദേശം. സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരില്കാണേണ്ടിവരും.
വാട്സ്ആപ്പ് കൂട്ടായ്മകളുമായി വോട്ടര്‍മാരുമായി ദൈനംദിന സമ്പര്‍ക്കത്തിനുള്ള ശ്രമം പലരും ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥിത്വം മോഹിക്കുന്നവരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടായിക്കഴിഞ്ഞു. വാട്സ്ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകളായിരിക്കും കൂടുതലായി ഉണ്ടാകുക. സമൂഹമാധ്യങ്ങളിലൂടെയുള്ള പ്രചാരണത്തിനു ചുക്കാന്‍ പിടിക്കാന്‍ പലരും യുവാക്കളുടെ സേവനം ഉപയോഗപ്പെടുത്തിത്തുടങ്ങി.
ഐടി രംഗത്ത് വിദഗ്ധരായവരെയും കംപ്യൂട്ടര്‍ സ്ഥാപനങ്ങളെയുമൊക്കെ ആശ്രയിച്ചു തുടങ്ങിയവരുമുണ്ട്. പോസ്റ്ററുകള്‍, ബോര്‍ഡുകള്‍ ഇവയേക്കാളുപരി ഇത്തവണ സമുഹമാധ്യമങ്ങളില്‍ നിറയേണ്ടിവരുമെന്ന തിരിച്ചറിവ് സ്ഥാനാര്‍ഥികളാകാന്‍ പോകുന്നവര്‍ക്കുമുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവരല്ലാത്തവരെ എങ്ങനെ സ്വാധീനിക്കാമെന്നതാണ് മറ്റൊരു വിഷയം. ഇതിനായി പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കാനാണ് തീരുമാനം.